സംരക്ഷണഭിത്തി തകർന്ന് തീരം ഇടിയൽ: ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു
text_fieldsതിരുവല്ല: നെടുമ്പ്രത്ത് പമ്പാനദിയുടെ സംരക്ഷണഭിത്തി തകർന്നതിനെതുടർന്ന് അപകടഭീഷണിയിലായ വീടുകൾ ജില്ല പഞ്ചായത്ത് അംഗം അടക്കമുള്ള ജനപ്രതിനിധികൾ സന്ദർശിച്ചു. ജില്ല പഞ്ചായത്ത് അംഗം മായ അനിൽകുമാർ, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാം ഗോപി, ഗ്രേസി അലക്സാണ്ടർ തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച ഉച്ചയോടെ സന്ദർശനം നടത്തിയത്.
സംരക്ഷണഭിത്തി തകർന്ന് നെടുമ്പ്രം പതിനൊന്നാം വാർഡിലെ മുളമൂട്ടിൽപടി-പമ്പ ബോട്ട് റേസ് ഫിനിഷിങ് പോയന്റ് റോഡാണ് അപകട ഭീഷണിയിലായിരിക്കുന്നത്. തീരവും റോഡും ഇടിയുന്നതുമൂലം തുണ്ടിയിൽവീട്ടിൽ ഇട്ടി കുര്യനും സഹോദരനും വികലാംഗനുമായ സണ്ണി കുര്യനും ഉൾപ്പെടുന്ന കുടുംബമാണ് ഭീഷണിയിലായിരിക്കുന്നത്. തീരം മൂന്നടിയോളം കൂടി ഇടിഞ്ഞാൽ ഇവരുടെ വീടിന്റെ കിടപ്പുമുറിയും അടുക്കളയും നദിയിലേക്ക് പതിക്കുന്ന അവസ്ഥയാണ്.
ശനിയാഴ്ച രാത്രി ഒമ്പതോടെ വീട്ടിലേക്ക് വരികയായിരുന്ന ഇട്ടിയുടെ മകൻ എബ്രഹാം റോഡ് ഇടിഞ്ഞതിനെ തുടർന്ന് ആറ്റിൽ വീണിരുന്നു. നദീതീരം ഇടിഞ്ഞത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ് ജില്ല പഞ്ചായത്ത് അടക്കം ഉള്ളവർ സ്ഥലം സന്ദർശിച്ചത്. 2018ലെ പ്രളയത്തോടെയാണ് 50 അടിയോളം ദൂരത്തിൽ കരിങ്കൽ നിർമിത സംരക്ഷണഭിത്തി തകർന്നത്.
ഇതോടെ പിന്നാലെ വന്ന ഓരോ വെള്ളപ്പൊക്കങ്ങളിലും നദി കരയെ വിഴുങ്ങിത്തുടങ്ങി. സംരക്ഷണ ഭിത്തി തകർന്ന ഭാഗത്തുകൂടി ഇരച്ചെത്തുന്ന വെള്ളമാണ് തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് പതിവാകുന്ന വെള്ളക്കെട്ടിനും ഇടയാക്കുന്നത്.
നെടുമ്പ്രം തോട്ടടിപടി മുതൽ അന്തിച്ചന്ത ജങ്ഷൻ വരെയുള്ള ഒരു കിലോമീറ്ററോളം ഭാഗത്താണ് മഴക്കാലത്ത് ഗതാഗതം പൂർണമായും സ്തംഭിപ്പിക്കുന്ന തരത്തിൽ വെള്ളക്കെട്ട് രൂപപ്പെടാറുള്ളത്. സംസ്ഥാനപാതയിലെ വെള്ളക്കെട്ടിനും റോഡ് ഇടിയാനും കാരണമായ കൽക്കട്ടിന്റെ തകർച്ച സംബന്ധിച്ച വിവരം മാത്യു ടി. തോമസ് എം.എൽ.എ ധരിപ്പിച്ചതായും അടിയന്തര നടപടി സ്വീകരിക്കുമെന്നും ജില്ല പഞ്ചായത്ത് അംഗം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

