നൂതന കൃഷിരീതികളുമായി ക്ലസ്റ്റർ വില്ലേജ് പരിപാടി
text_fieldsമല്ലപ്പള്ളി: ജില്ല കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളുമായി ക്ലസ്റ്റർ വില്ലേജ് പരിപാടിക്ക് മല്ലപ്പള്ളി ബ്ലോക്കിൽ തുടക്കമായി.വരുമാനം ഇരട്ടിപ്പിക്കാൻ സഹായകമാകുന്ന പുതിയ നെല്ലിനങ്ങൾ, വാനില, കൊക്കോ കൃഷി, വിവിധയിനം പച്ചക്കറി ഇനങ്ങൾ, ജൈവ രോഗ കീട നിയന്ത്രണ മാർഗങ്ങൾ, മത്സ്യ ഇനങ്ങൾ, കാലാനുസൃതമായ കന്നുകാലി പരിചരണ മാർഗങ്ങൾ, നൂതന തീറ്റപ്പുല്ലിനങ്ങൾ, കാർഷിക വിഭവങ്ങൾ നഷ്ടപ്പെട്ടു പോകാതെ സംരക്ഷിക്കാനുള്ള മൂല്യവർധന മാർഗങ്ങളും സാങ്കേതികവിദ്യകളും, അംഗൻവാടികൾക്കായി ന്യൂട്രീഷൻ ഗാർഡൻ പരിപാടികൾ എന്നിവയാണ് നടപ്പാക്കുന്നത്.
കൃഷി വകുപ്പും ഡെയറിയും അനിമൽ സയൻസ് ഡിപ്പാർട്മെന്റുകളുമായും ചേർന്ന് മൂന്നു വർഷത്തിനുള്ളിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ നിർവഹിച്ചു. പ്രകാശ് ചരളേൽ അധ്യക്ഷത വഹിച്ചു. ജില്ല കൃഷി വകുപ്പിന്റെ ആത്മ പദ്ധതികളെക്കുറിച്ച് ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ബിൻസി മാണി വിശദീകരണം നടത്തി.
കൃഷി ഡയറക്ടർ ജോയ് സി.ജെ കോശി, കൃഷിവിജ്ഞാന കേന്ദ്രം മല്ലപ്പള്ളി ബ്ലോക്ക് നോഡൽ ഓഫിസർ ഡോ. ഷാന ഹർഷൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജിജിമോൾ കുര്യൻ, ജില്ല പഞ്ചായത്തംഗം സി.കെ. ലതാകുമാരി, വിനോദ് മാത്യു, അലക്സ് ജോൺ, ഡോ. സെൻസി മാത്യു, ഡോ. റിൻസി കെ. എബ്രഹാം, ഡോ. സിന്ധു സദാനന്ദൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

