സഹപാഠികൾ മരണത്തിലും ഒന്നിച്ചു
text_fieldsഅപകടത്തിന് തൊട്ടുമുമ്പ് ഇരുവരും പകർത്തിയ ചിത്രം
പന്തളം: സഹപാഠികൾ മരണത്തിലും ഒന്നിച്ചു. കഴിഞ്ഞ ദിവസം എ.സി റോഡിൽ മങ്കൊമ്പ് പാലത്തിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പന്തളം തോന്നല്ലൂർ ഉളമയിൽ ചാങ്ങിത്ത് വടക്കേതിൽ കെ.എം ഷുക്കൂർ -ഷാഹിന ദമ്പതികളുടെ മകൻ ജമീൽ അഹമ്മദ് (21) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിൽ മങ്കൊമ്പ് പാലത്തിനു സമീപമായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന പന്തളം പൂഴിയ്ക്കാട്, ദാറുൽ റഹ്മയിൽ ഷാലു കാസിമിന്റെ മകൻ അസ്ലം ഷലൂ (21) അപകടസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.
ഇരുവരും ഒന്നാം ക്ലാസ് മുതൽ ഐ.എച്ച്.ആർ.ഡിലെ പഠനം വരെ ഒരുമിച്ചായിരുന്നു. ഇരുവരും നാട്ടുകാർക്ക് പ്രിയപ്പെട്ടവരും. കഴിഞ്ഞ റമദാൻ മാസത്തിൽ പള്ളികളിലെ ഇഫ്താർ വിരുന്നുകളിൽ സജീവമായിരുന്നു ഈ കൂട്ടുകാർ. ജന്മദിന ദിവസം ജമീൽ അഹമ്മദിന്റെ വീട്ടിലെത്തിയ അസ്ലം കൂട്ടുകാർക്കൊപ്പം കേക്ക് മുറിച്ച് സന്തോഷത്തിൽ പങ്കാളികളായി. രാത്രിയിൽ ഇരുവരും ജമീലിന്റെ വീട്ടിൽ കിടന്നുറങ്ങി. പുലർച്ചയോടെയാണ് ഇരുവരും ബൈക്കിൽ ആലപ്പുഴയിലേക്ക് പോയത്. റീൽ ചിത്രീകരണത്തിൽ ഇരുവരും താല്പര്യമാണ്. ജന്മദിന ദിവസത്തെ ആഘോഷവും തുടർന്നുള്ള റീൽ ചിത്രീകരിക്കാനാണ് ഇരുവരും ആലപ്പുഴ ബീച്ചിലേക്ക് ബൈക്കിൽ പുറപ്പെട്ടത്. കൂട്ടുകാരുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. അസ്ലമിന്റെ കബറിനരികിലാണ് പ്രിയ കൂട്ടുകാരൻ ജമീൽ അഹമ്മദിന്റെയും മൃതദേഹം കബറടക്കിയത്. ഇരുവരെയും അന്ത്യയാത്രയാക്കാൻ കടയ്ക്കാട് മുസ്ലിം ജുമാ മസ്ജിദിൽ വൻ ജനാവലി ആണ് ഒഴുകിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

