പാണ്ഡവൻപാറ പൊട്ടിക്കുന്നതിനെതിരെ പ്രതിഷേധവുമായി പൗരസമിതി
text_fieldsവിവാദമായ ആമല്ലൂരിലെ പാണ്ഡവൻ പാറ
തിരുവല്ല: പൗരാണികത ഏറെയുള്ള തിരുവല്ല ആമല്ലൂരിലെ പാണ്ഡവൻപാറ പൊട്ടിക്കുന്നതിനെതിരെ പ്രതിഷേധവുമായി പൗരസമിതി. കവിയൂർ മഹാദേവ ക്ഷേത്രവുമായും കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രവുമായും ഏറെ ബന്ധം പുലർത്തുന്ന പാറ പൊട്ടിച്ച് നീക്കുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. പാറ സ്ഥിതി ചെയ്യുന്ന തിരുവല്ല നഗരസഭയിലെ പത്താം വാർഡിൽ ഉൾപ്പെടുന്ന ആമല്ലൂർ ഭാഗത്തെ മൂന്ന് സെൻറ് ഭൂമിക്ക് മുൻവശത്തായുള്ള ഭൂമി അടുത്തകാലത്ത് സ്വകാര്യ വ്യക്തി വിലയ്ക്ക് വാങ്ങിയിരുന്നു.
ഈ ഭൂമി വൃത്തിയാക്കുന്നതിനൊപ്പമാണ് പുറമ്പോക്ക് ഭൂമിയിൽ നിലകൊള്ളുന്ന പാറ കൂടി പൊട്ടിക്കാൻ ശ്രമിക്കുന്നത് എന്നതാണ് പ്രദേശവാസികളുടെ ആരോപണം. ചതുരത്തിലുള്ള വാതിലോട് കൂടിയുള്ള ഗുഹ സ്ഥിതി ചെയ്യുന്ന പാണ്ഡവൻപാറയുടെ കവാടവും കവിയൂർ മഹാദേവ ക്ഷേത്രത്തിന്റെ കവാടവും നേർരേഖയിൽ ആണെന്നും പ്രദേശവാസികൾ പറയുന്നു. പാറ പൊട്ടിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം ജെ.സി.ബി ഉപയോഗിച്ച് പാറയുടെ ചുറ്റിലുമുള്ള മണ്ണ് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഈ നീക്കം വാർഡ് കൗൺസിലർ കെ.വി. വർഗീസും പ്രദേശവാസികളും ചേർന്ന് തടഞ്ഞിരുന്നു.
പാറ പൊട്ടിക്കുന്നതിനെതിരെ പൗരസമിതിയുടെ നേതൃത്വത്തിൽ ജിയോളജി വകുപ്പിനും തിരുവല്ല പോലീസിലും പരാതി നൽകിയിട്ടുണ്ട്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയെന്നും പ്രവർത്തനം തടഞ്ഞുവെന്നും പൗരാണികത ഏറെയുള്ള പാറ പൊളിക്കാൻ ഒരുതരത്തിലും അനുവദിക്കില്ലെന്നും വാർഡ് കൗൺസിലർ കെ.വി വർഗീസ് പറഞ്ഞു. അതേസമയം നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നും ജിയോളജി വകുപ്പിന്റെ അനുമതി ആവശ്യമാകുന്ന സമയത്ത് അത് തേടുമെന്നും ഭൂമി ഉടമ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

