ചുങ്കപ്പാറ-ആലപ്രക്കാട് റോഡ് ഇരുട്ടിൽ; വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യം
text_fieldsമല്ലപ്പള്ളി: ചുങ്കപ്പാറ-ആലപ്രക്കാട് റോഡിൽ വഴിവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടാങ്ങൽ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലെല്ലാം വിളക്ക് പ്രകാശിപ്പിച്ചിട്ടും പ്രധാന പൊതുമരാമത്ത് വകുപ്പ് റോഡായ ചുങ്കപ്പാറ-ആലക്കാട് റോഡിനെ അധികൃതർ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ എട്ടാം വാർഡിലൂടെ കടന്നുപോകുന്ന ഒന്നര കിലോമീറ്റർ മാത്രമാണ് വഴിവിളക്കില്ലാത്ത പ്രദേശം. മറ്റ് വാർഡുകൾ തുടങ്ങുന്ന ഭാഗങ്ങളിൽ വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. റബർ തോട്ടങ്ങൾ നിറഞ്ഞ പ്രദേശമായതിനാൽ സന്ധ്യയാകുമ്പോൾ തന്നെ ഇരുട്ടുമൂടുന്ന അവസ്ഥയാണ്.
വഞ്ചികപ്പാറ, ആലക്കോട് പ്രദേശങ്ങളിലേക്കുള്ള നിരവധി കാൽനടക്കാരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യവും ഉള്ളതായി നാട്ടുകാർ പരാതിപ്പെടുന്നു. ബസ്സ്റ്റാൻഡിൽനിന്ന് ആലപ്രക്കാട് റോഡിലെ കടമ്പാട്ട് പിടിയിൽ എത്തുന്ന ഇടവഴിയിൽ കാൽനടക്കാർക്ക് സാമൂഹിക വിരുദ്ധരുടെ ശല്യം ഭീഷണിയായിരിക്കുകയാണ്.
വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് ഈ വഴിയെ ആശ്രയിക്കുന്നതും. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും കുറുക്കന്റെയും ശല്യവും പ്രദേശത്ത് ഏറിവരുകയാണ്. ഇവിടെ വഴിവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധിയുടെയും ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

