വർഷം അഞ്ച് പിന്നിട്ടു, മൂന്നു തൂണുകളിൽ ഒതുങ്ങി ചിറ്റൂർ കടവ് പാലം നിർമാണം
text_fieldsകോന്നി: അച്ഛൻകോവിലാറിന് കുറുകെ ചിറ്റൂർ കടവിലാരംഭിച്ച അട്ടച്ചാക്കൽ ചിറ്റൂർ കടവ് പാലത്തിെൻറ നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിയത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. നിർമാണ കമ്പനി കോടതിയിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്നാണ് നിർമാണം മുടക്കിയത്.
2016 ഫെബ്രുവരി ഇരുപത്തിയാറിനാണ് പാലത്തിെൻറ ശിലാസ്ഥാപനം നടന്നത്. എന്നാൽ, ആയിരക്കണക്കിന് ആളുകളുടെ യാത്രക്ക് ഗുണകരമാകേണ്ട പാലത്തിെൻറ നിർമാണം എങ്ങും എത്താതെ നിൽക്കുകയാണ്.
യു.ഡി.എഫ് സർക്കാറിെൻറ ഭരണകാലത്ത് റവന്യൂ വകുപ്പിെൻറ റിവർ മാനേജ്മെൻറ് ഫണ്ടിൽനിന്ന് അനുവദിച്ച 2.50 കോടി രൂപ ചെലവിൽ നിർമിതി കേന്ദ്രത്തിെൻറ ചുമതലയിലാണ് പണികൾ ആരംഭിച്ചത്. എന്നാൽ, ഫണ്ട് ലഭിക്കാതെ വന്നതോടെ പാലം നിർമാണം നിർത്തിവെച്ചു.
നദികളുടെ ഇരുകരകളിലുമായുള്ള പ്രധാനപ്പെട്ട മൂന്ന് തൂണുകളുടെ പണികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചിറ്റൂർമുക്കിൽനിന്നും കോന്നി കുമ്പഴ റോഡിനെ ബന്ധിപ്പിക്കുന്ന പാലമാണിത്.
അട്ടച്ചാക്കൽ ചിറ്റൂർമുക്ക് കരകളെ ബന്ധിപ്പിച്ച് ഗ്രാമപഞ്ചായത്തിലെ പഴയ പതിനെട്ടാം വാർഡിൽനിന്നും മറുകരയിലെ ഒന്നാം വാർഡിലേക്കാണ് പാലം വരുക. മൂന്ന് വർഷത്തിലേറെയായി നിർമാണം നിലച്ചിട്ട്.
പാലത്തിെൻറ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നുവെങ്കിൽ പ്രമാടം, കോന്നി,മലയാലപ്പുഴ എന്നീ പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് പ്രയോജനം ചെയ്തേനെ. കോന്നി നഗരത്തിലെ ഗതാഗത കുരുക്കിനും ഇത് പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

