കുട്ടികളെ കെണിവെച്ച് പിടിക്കുന്നു; ലഹരി മാഫിയക്കെതിരെ ശക്തമായ പോരാട്ടം വേണം - വി.ഡി. സതീശൻ
text_fields‘വിവേക 2025’ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: ലഹരി മാഫിയകൾ കുഞ്ഞുങ്ങളെയും യുവജനങ്ങളെയും കെണിവെച്ച് പിടിക്കുന്ന സ്ഥിതിയാണെന്നും ഇതിനെതിരെ ശക്തമായ പോരാട്ടം നടത്തണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. നമ്മുടെ നാട് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി യുദ്ധങ്ങളോ ആയുധങ്ങളോ തീവ്രവാദ ഭീഷണികളോ മാരക രോഗങ്ങളോ ഒന്നുമല്ല. മറിച്ച് ലഹരി പദാർഥങ്ങളുടെ വിപണനവും ഉപയോഗവുമാണ്. ലഹരിപദാർഥങ്ങളുടെ ഇരകളാകാൻ നമ്മുടെ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കരുതെന്ന ശക്തമായ തീരുമാനമാണ് നാം എടുക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുമ്പമൺ ഭദ്രാസന മദ്യ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പുത്തൻപീടിക സെന്റ് മേരിസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടത്തിയ ‘വിവേക 2025’ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ. തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപോലീത്താ അനുഗ്രഹ സന്ദേശം നൽകി.
മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യ സന്ദേശം നൽകി. ഭദ്രാസന മദ്യലഹരി വിരുദ്ധ സമിതി വൈസ് പ്രസിഡന്റ് ഫാ.എബി ടി. സാമുവേൽ, ജനറൽ സെക്രട്ടറി ഡോ.രാജീവ് രാജൻ, മദ്യലഹരി വിരുദ്ധ സമിതി കേന്ദ്ര ട്രഷറർ ഡോ.റോബിൻ പി.മാത്യു, ഭദ്രാസന സൺഡേ സ്കൂൾ വൈസ് പ്രസിഡൻറ് ഫാ.ജോൺ പീറ്റർ, ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ പ്രഫ. ബാബു വർഗീസ്, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ, ഇടവക ട്രസ്റ്റി തോമസ് വർഗീസ്, ഇടവക സെക്രട്ടറി റോൺസൺ ജോൺ തുടങ്ങിയവർ സംസാരിച്ചു. വാഴമുട്ടം മാർ ബഹനാൻ ഓർത്തഡോക്സ് വലിയ പള്ളിയുടെ അഭിമുഖ്യത്തിൽ ലഹരി വിരുദ്ധ എക്സിബിഷനും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

