അന്തർസംസ്ഥാന തൊഴിലാളികളില്‍ രാസലഹരി പടരുന്നു
text_fieldsപന്തളം: അന്തർസംസ്ഥാന തൊഴിലാളികളില്‍ സിന്തറ്റിക്ക് ലഹരി ഉപയോഗം വ്യാപകം. ഒരാഴ്ചക്കുള്ളിൽ പത്തിലേറെ പേർ അറസ്റ്റിലായി. പന്തളം നഗരസഭ പരിധിയിൽ അന്തർസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന വാടക ക്വാർട്ടേഴ്സുകള്‍ കേന്ദ്രീകരിച്ചാണ് രാസ ലഹരി ഉപയോഗവും വിൽപനയും വ്യാപകമായത്. ഇവർക്ക് പ്രാദേശിക സഹായമുള്ളതും പിടികൂടാൻ കഴിയുന്നില്ല. താമസിക്കുന്ന സ്ഥലങ്ങളിൽ രാത്രി പരിശോധന നടത്തി ചുരുക്കം ചിലരെ പിടികൂടുന്നെങ്കിലും യഥാർഥ കണ്ണികൾ പുറത്തു വിലസുകയാണ്.
അടുത്തകാലത്ത് കൂട്ടത്തോടെ എത്തിയ അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ രാസ ലഹരികളുടെ വിൽപനയും ഉപയോഗവും കൂടിവരികയാണ്. പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം അന്തർസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ക്വാട്ടേഴ്സുകള്‍ കേന്ദ്രീകരിച്ച് വില്പനയും ഉപയോഗവും തകൃതിയാണെന്ന് അറിയുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ സിന്തറ്റിക്ക് ലഹരി ഉപയോഗിക്കുന്നതായാണു വിവരം.
ബ്രൗണ്‍ ഷുഗര്‍, എം.ഡി.എം.എ. പോലുള്ള മാരക രാസ ലഹരികള്‍ സുലഭമാണ്. അന്തർസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം മലയാളി യുവാക്കളും ഇവിടെ ലഹരി വാങ്ങാന്‍ എത്തുന്നുണ്ട്. പുറമെ നിന്നുളളവര്‍ക്കും പോലീസിനും സംശയം തോന്നാതിരിക്കാന്‍ യുവതികളെയും ലഹരി സംഘത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. കുടുംബമായി താമസിക്കുന്നു എന്ന വ്യാജേന ലഹരി വിൽക്കുകയാണു ലക്ഷ്യം.
ഈ മേഖലകളില്‍ മുമ്പ് ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ പ്രദേശവാസികള്‍ക്ക് ലഹരി കേന്ദ്രത്തെ കുറിച്ച് അറിവില്ല. ബാറുകളില്‍നിന്നും പൊതു ഇടങ്ങളില്‍ നിന്നുമാണ് സംഘം ഉപഭോക്താക്കളെ കണ്ടെത്തുന്നത്. വലയിലാക്കുന്നവരെ സൗഹൃദം നടിച്ച് ക്വാർട്ടേഴ്സില്‍ എത്തിക്കുന്നു. അവിടെവെച്ചാണ് ലഹരി ഉപയോഗവും വില്പനയും.
പിടികൂടുന്നവരെ പുറത്തുകൊണ്ടുവരാനും പ്രാദേശിക ഇടപെടൽ ഉണ്ടത്രെ. ഒരാഴ്ചക്കിടയിൽ വിവിധ താമസസ്ഥലങ്ങളിൽനിന്ന് പത്തോളം അന്തർസംസ്ഥാന തൊഴിലാളികളെയാണ് രാസലഹരിയുമായി എക്സൈസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

