ചവറംപ്ലാവ് കുടിവെള്ള പദ്ധതി; ട്രയൽ റൺ വിജയം
text_fieldsചവറംപ്ലാവ് കുടിവെള്ള പദ്ധതിയുടെ ട്രയൽ റൺ വെള്ളം തുറന്നുവിട്ട് പഞ്ചായത്തംഗം എം.എം. മുഹമ്മദ് ഖാൻ നിർവഹിക്കുന്നു
റാന്നി: അങ്ങാടി പഞ്ചായത്ത് രണ്ടാം വാർഡിലെ ചവറംപ്ലാവ് കുടിവെള്ള പദ്ധതിയുടെ ട്രയൽ റൺ നടത്തി. തൃക്കോമലയിലെ ടാങ്കിൽ നിന്ന് അഞ്ച് മേഖലകൾ വഴി എഴുനൂറോളം കുടുംബങ്ങൾക്ക് ജലവിതരണം നടത്തുന്നതാണ് പദ്ധതി. ഇതിൽ നാലുമേഖലകളിലാണ് വിതരണ കുഴലുകൾ സ്ഥാപിച്ച് ഗാർഹിക കണക്ഷനുകൾ നൽകിയിരിക്കുന്നത്. കുളക്കുറ്റി വഴി ഏഴോലി ഭാഗത്തേക്കുള്ള ലൈനുകൾ സ്ഥാപിച്ചിട്ടില്ല.
ലൈനുകളിട്ട നാലിടത്തേക്കും ടാങ്കിൽ നിന്നുള്ള വെള്ളം ഒരേസമയം നിയന്ത്രണങ്ങളില്ലാതെ തുറന്നുവിട്ടാണ് ട്രയൽ റൺ നടത്തിയത്. അരമണിക്കൂറിനകം എല്ലാ ലൈനുകളിലും വെള്ളം എത്തി. ഗാർഹിക കണക്ഷനുകളിൽ 90 ശതമാനത്തിലും വെള്ളം ലഭിക്കുകയും ചെയ്തു. പ്രഷർ കാരണം ഏഴിടത്ത് പൈപ്പ് പൊട്ടിയതിനാൽ മുപ്പതോളം വീടുകളിൽ ടാപ്പിൽ വെള്ളം എത്തിയില്ല. ഏറ്റവും ഉയർന്ന പ്രദേശമായ മുട്ടിതോട്ടത്തിൽ റോഡിലും ചർച്ച് റോഡിലും നല്ല രീതിയിൽ വെള്ളം എത്തി.
ട്രയൽ റൺ പൂർണ വിജയമെന്ന് വാർഡംഗം എം.എം. മുഹമ്മദ് ഖാൻ അറിയിച്ചു. ലൈനുകളിലെ പൊട്ടലുകൾക്കൊപ്പം ചില വീടുകളിൽ സ്ഥാപിച്ച എയർ വാൽവുകളിൽ തകരാറുണ്ടായതും അപാകതയായി. തകരാറുകൾ പരിഹരിച്ച് വാൽവുകൾ നിയന്ത്രിച്ച് പ്രഷർ കുറച്ച് എല്ലായിടത്തേക്കും ഒരുപോലെ വെള്ളം എത്തിക്കാൻ ഒരാഴ്ച സമയം വേണ്ടിവരും. അതിനുശേഷം പദ്ധതി പൂർണ തോതിൽ കമീഷൻ ചെയ്യും.
കൂടുതൽ പ്രദേശങ്ങളിലേക്ക് വിതരണ ലൈനുകൾ സ്ഥാപിച്ച് കൂടുതൽ ഗാർഹിക കണക്ഷനുകൾ നൽകാനുള്ള നടപടികളും ഇതോടൊപ്പം നടത്തും. മൃഗാശുപത്രി റോഡ്, പതാലിൽ, തൃക്കോമല ഇടമണ്ണിൽ ഭാഗം, കോടിയാട്ട് ഭാഗം എന്നിവിടങ്ങളിൽ വിതരണ കുഴലുകളിട്ട് നൂറ് ഗാർഹിക കണക്ഷനുകൾ രണ്ടാഴ്ചക്കകം നൽകുമെന്നും പഞ്ചായത്തംഗം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

