വെല്ലുവിളി നിറഞ്ഞ സെൻസസ് ഡ്യൂട്ടിയിൽ സുബീഷ്
text_fieldsസുബീഷ് അട്ടത്തോട്ടിൽ സെൻസസ് ജോലിയിൽ
പത്തനംതിട്ട: ശബരിമല ഉൾപ്പെടുന്ന വനമേഖലയിലെ സെൻസസ് ജോലികൾ അൽപം കഠിനമാണെങ്കിലും ശബരിമല ശ്രീകോവിലിൽ സ്വന്തം കൈയാൽ നമ്പറിടാൻ കഴിഞ്ഞത് മഹാഭാഗ്യമായി കാണുകയാണ് അട്ടത്തോട് ഗവ. ട്രൈബൽ എൽ.പി സ്‌കൂൾ അധ്യാപകനായ കെ.എം. സുബീഷ്. സംസ്ഥാനത്തെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സെൻസസ് ഡ്യൂട്ടിയിലാണ് സുബീഷിപ്പോൾ.
ശബരിമല, പമ്പ ത്രിവേണി, അട്ടത്തോട്, നിലയ്ക്കൽ ഉൾപ്പെട്ട റാന്നി പെരുനാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സെൻസസ് എന്യൂമറേറ്ററായി നിയോഗിക്കപ്പെട്ടപ്പോൾ കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിയും മൂന്നുവർഷമായി അട്ടത്തോട് ഗവ. ട്രൈബൽ എൽ.പി സ്‌കൂൾ അധ്യാപകനുമായ സുബീഷ് മാഷിന് ആദ്യം വലിയ ആശങ്കയാണ് ഉണ്ടായത്. ആനയും കടുവയും കാട്ടുപോത്തും കരടിയും പുള്ളിപ്പുലിയുമടക്കം വിഹരിക്കുന്ന ഘോരവനം. പോരാത്തതിന് രാജവെമ്പാല അടക്കം സകലയിനം ഉരഗവർഗങ്ങളും. സാധാരണമായി 250 കെട്ടിടങ്ങൾ വരെ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുന്ന ജോലികളാണ് ഒരു എന്യൂമറേറ്റർക്ക് ലഭിക്കുക.
എന്നാൽ, സന്നിധാനത്ത് ഉൾപ്പെടെ ആയിരത്തിലധികം കെട്ടിടങ്ങളും ആദിവാസി ഉന്നതികൾ അടക്കം നൂറുകണക്കിന് കുടുംബങ്ങളും ഉൾപ്പെടുന്ന വിശാല പ്രദേശത്ത് ഒരൊറ്റ സെൻസസ് ഉദ്യോഗസ്ഥനെയാണ് നിയോഗിച്ചത്. ജോലിക്കിടയിൽ പലപ്പോഴും ആനക്കൂട്ടങ്ങൾക്കും പാമ്പുകൾക്കും മുന്നിൽ അകപ്പെട്ട് പോയിട്ടുമുണ്ട് സുബീഷ്. പലപ്പോഴും വനപാലകരും ദേവസ്വം ബോർഡ് ജീവനക്കാരും സഹായത്തിനെത്തിയതായും സുബീഷ് പറഞ്ഞു. ആദിവാസികളുടെ സഹായവും ലഭിക്കുന്നുണ്ട്.
അവരിൽനിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ ശ്രമപ്പെട്ട് കിലോമീറ്ററുകൾ താണ്ടി ഉൾവനങ്ങളിൽ ആദിവാസി വിഭാഗക്കാർ താമസിക്കുന്ന കുടിലുകളിൽ എത്തുമ്പോൾ അവർ വനവിഭവങ്ങൾ ശേഖരിക്കാൻ പോയിട്ടുണ്ടാകുന്നതിനാൽ ഒരാളെ തിരക്കി മാത്രം പലതവണ വനത്തിലെ വീടുകളിൽ പോകേണ്ടിവന്ന അനുഭവവും ഉണ്ട്.
അട്ടത്തോട് ഗവ. ട്രൈബൽ സ്‌കൂളിലെ വിരമിച്ച ഹെഡ്മാസ്റ്റർ ബിജു തോമസിന്റെ പിന്തുണക്കൊപ്പം 10 വർഷത്തോളം ഏകാധ്യാപകനായി ജോലിചെയ്ത് വിരമിച്ച ബിനു കെ. സാമിന്റെ സഹായവും സെൻസസ് ജോലിയെ എളുപ്പമുള്ളതാക്കിയെന്ന് സുബീഷ് പറഞ്ഞു. ഒരു സെൻസസ് എന്യൂമറേറ്ററെ ഏകദേശം 200 മുതൽ 300 വരെ വീടുകൾക്കാണ് നിയോഗിക്കുന്നത്. എന്നാൽ, അട്ടത്തോട് ഗ്രാമത്തിൽ മാത്രം ഏകദേശം 245 വീടുകളുണ്ട്. ശബരിമല തീർഥാടന മേഖലയും ഉൾപ്പെടുന്നു.
നിലയ്ക്കലിൽ 240ഉം പമ്പയിൽ 152ഉം സന്നിധാനത്ത് 361ഉം കെട്ടിടങ്ങളുണ്ട്. വനപ്രദേശവും വന്യജീവികളാൽ സമ്പന്നമായ ഇടതൂർന്ന വനങ്ങളും സംയോജിപ്പിക്കുന്ന പ്രദേശമാണിത്. ശബരിമല സന്നിധാനം, വിവിധ ഓഫിസുകൾ, വാണിജ്യ സ്ഥാപനങ്ങൾ, താമസ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ ആയിരത്തോളം കെട്ടിടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതുവരെ 900 വീടുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും സെൻസസ് പൂർത്തിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

