കേന്ദ്ര ബജറ്റ്; ജില്ലക്ക് നിരാശ മാത്രം, ശബരിമലക്കും ഒന്നുമില്ല
text_fieldsപത്തനംതിട്ട: കേന്ദ്ര ബജറ്റിൽ ജില്ലക്ക് നിരാശ. ശബരിമലക്കായി എന്തെങ്കിലും വകയിരുത്തുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ആദ്യ മോദി സർക്കാർ തീർഥാടന ടൂറിസത്തിന് ഫണ്ട് അനുവദിച്ചിരുന്നതാണ്. പിന്നീട് ഈ പരിഗണന കിട്ടിയില്ല. തീർഥാടന ടൂറിസത്തിന് കേന്ദ്രം അനുവദിച്ച ഫണ്ടിന്റെ കണക്ക് സംസ്ഥാനം നൽകിയില്ലെന്ന് ബി.ജെ.പി വിമർശിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതുകൊണ്ട് ബജറ്റിൽ ശബരിമല ഇടംപിടിച്ചേക്കുമെന്ന് അഭിപ്രായമുയർന്നിരുന്നു.
ശബരിമല വികസനത്തിന് സംസ്ഥാനത്തിനൊപ്പം കേന്ദ്രത്തിന്റെ ഫണ്ട് കിട്ടിയാലും പ്രയോജനപ്പെടുത്തുമെന്ന് കെ. ജെയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതല ഏറ്റെടുത്തപ്പോൾ പറഞ്ഞിരുന്നു.ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിച്ച് റബർ കയറ്റുമതിക്ക് ബജറ്റിൽ നിർദേശമുണ്ടാകണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. നിരാശയായിരുന്നു ഫലം.
മലയോര മേഖലയിൽ മനുഷ്യ - വന്യ ജീവി സംഘർഷം തുടരുകയാണ്. മൃഗങ്ങൾ വനത്തിൽനിന്ന് ഇറങ്ങിവരുന്നത് തടയാൻ സോളാർ ഫെൻസിംഗ്, കിടങ്ങ് തുടങ്ങിയവ നിർമിക്കാൻ സംസ്ഥാന സർക്കാരിനൊപ്പം കേന്ദ്രത്തിനും ഫണ്ട് നീക്കിവെക്കാൻ കഴിയും. കേന്ദ്ര ബജറ്റിൽ അതുമുണ്ടായില്ല. മെട്രോമാൻ ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന അതിവേഗ റെയിൽപാതയുടെ വിശദപദ്ധതി രേഖയിൽ അടൂരും ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ, പദ്ധതിയെപ്പറ്റി ബജറ്റിൽ പരാമർശമേ ഇല്ല. ജില്ലയുടെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലക്കും ഇത്തവണ പരിഗണനയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

