ഇനി എല്ലാം കാണും; പത്തനംതിട്ട നഗരസഭ ബസ്സ്റ്റാൻഡിൽ കാമറകൾ പ്രവർത്തിച്ചുതുടങ്ങി
text_fieldsപത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്ന കാമറകൾ , കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ കാണാനായി സ്ഥാപിച്ചിരിക്കുന്ന സ്ക്രീൻ
പത്തനംതിട്ട: നഗരസഭയുടെ ഹാജി സി മീരാസാഹിബ് സ്മാരക ബസ് സ്റ്റാൻഡ് സമുച്ചയവും പരിസരവും കാമറ നിരീക്ഷണത്തിൽ. കാമറ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായതിനുപിന്നാലെ ഇവ പ്രവർത്തിച്ചും തുടങ്ങി. ബസ് സ്റ്റാൻഡ് കെട്ടിടത്തിലും പരിസരങ്ങളിലുമായി 50 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവ പ്രവർത്തനസജ്ജമായതോടെ സാമൂഹികവിരുദ്ധരുടെ ശല്യമടക്കം വലിയതോതിൽ കുറഞ്ഞിട്ടുമുണ്ട്.
ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന്റെ രണ്ടാം നിലയിൽ നഗരസഭ വിട്ടുനൽകിയ മുറിയിൽ സ്ഥാപിച്ചിരിക്കുന്ന സ്ക്രീനിൽ ദൃശ്യങ്ങൾ ലഭിക്കും. ഇത് കൈാര്യം ചെയ്യാനായി പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുത്തിട്ടുള്ള കമ്പനി ഒരു ജീവനക്കാരനെയും നിയോഗിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഭാഗം, അബാൻ ജങ്ഷൻ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും പതിയുന്ന രീതിയിലാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. അടുത്തദിവസം തന്നെ കാമറകളുടെ ഉദ്ഘാടനവും നടക്കും.
നഗരസഭക്ക് സാമ്പത്തിക ചെലവില്ല
നഗരസഭക്ക് സാമ്പത്തിക ചെലവില്ലാതെയാണ് പദ്ധതി നടപ്പാക്കിയത്. കാമറകൾ സ്ഥാപിച്ചതിന് പകരം ബസ്സ്റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡുകളിൽനിന്നുള്ള വരുമാനം കാമറകൾ സ്ഥാപിച്ച കമ്പനിക്ക് ലഭിക്കുന്ന തരത്തിലാണ് കരാർ. അനധികൃത കയ്യേറ്റങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനായി ബസ് സ്റ്റാൻഡിൽ വ്യാപകമായി നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിന് നഗരസഭ കൗൺസിൽ ടെൻഡർ ക്ഷണിച്ചിരുന്നു. മേയിൽ ചേർന്ന കൗൺസിൽ യോഗം ടെൻഡറിന് അംഗീകാരം നൽകിയതോടെയാണ് കാമറ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്. ലീല പ്രൊഡക്ഷൻസ് എന്ന കമ്പനിക്കായിരുന്നു ടെൻഡർ. ജോലികൾ അടുത്തിടെ പൂർത്തിയായി. പ്രവർത്തനം തുടങ്ങിയെങ്കിലും ഔദ്യോഗിക ഉദ്ഘാടനം നടന്നിരുന്നില്ല.
യു.എസ് നിർമിത കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. വിപുലമായ നിരീക്ഷണ കാമറ ശൃംഖലയിലൂടെ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തും. കാമറകൾ സ്ഥാപിച്ചതോടെ മാലിന്യങ്ങൾ വലിച്ചെറിയുന്നതടക്കം കുറഞ്ഞതായി നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.
സാമൂഹികവിരുദ്ധരുടെ ശല്യത്തിനും കുറവുണ്ട്. സംഘർഷങ്ങളും നിലച്ചു. പൊലീസും കാമറയിൽനിന്ന് ആവശ്യമായ ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. ഇങ്ങനെ നിരവധി ക്രിമിനൽ കേസുകൾ തെളിയിച്ചു. കാമറയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മുഴുവൻ സമയ ജീവനക്കാരനും സ്റ്റാൻഡിലുണ്ട്. നഗരസഭക്ക് സാമ്പത്തിക ചെലവില്ലാതെ പദ്ധതി നടപ്പാക്കാനായത് നേട്ടമായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്റ്റാൻഡ് പരിസരങ്ങളിൽ മൂത്രവിസർജനം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് പരാതികൾ യാത്രക്കാരിൽനിന്ന് ലഭിക്കുന്നുണ്ട്. ഇതിന് നിയന്ത്രിക്കാനുള്ള നടപടികൾ ആരംഭിച്ചതായും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

