Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകള്ളപ്പണം...

കള്ളപ്പണം വെളുപ്പിക്കാൻ കാരിയര്‍മാരെയും ബിനാമികളെയും ഉപയോഗിച്ചു

text_fields
bookmark_border
കള്ളപ്പണം വെളുപ്പിക്കാൻ കാരിയര്‍മാരെയും ബിനാമികളെയും ഉപയോഗിച്ചു
cancel

കോന്നി: പോപുലർ ഫിനാൻസ് ഉടമകൾ കള്ളപ്പണം വെളുപ്പിക്കാൻ കാരിയര്‍മാരെയും ബിനാമികളെയും ഉപയോഗിച്ചതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ആസ്‌ട്രേലിയ, ദുബൈ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാൻ കാരിയര്‍മാരെ ഉപയോഗിച്ചുവെന്ന് ഇ.ഡി റിപ്പോർട്ടിൽ പറയുന്നു.

കുറച്ച് പണം ബാങ്കുകള്‍ വഴിയും വകമാറ്റി. സ്വന്തം ഉടമസ്ഥതയിലുള്ള വസ്തുക്കള്‍ വിറ്റഴിച്ച തോമസ് ഡാനിയല്‍ ജീവനക്കാരുടെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അക്കൗണ്ട് വഴിയാണ് പണം കൈപ്പറ്റിയത്. 2020ല്‍ കോന്നി ടൗണില്‍ 14 സെന്‍റ് വിറ്റത് ഒരു കോടി രൂപക്കാണ്. 10 ലക്ഷം രൂപയാണ് പണമായി കൈപ്പറ്റിയത്. ശേഷിച്ച 90 ലക്ഷം അനില്‍കുമാര്‍ എന്ന ജീവനക്കാരന്‍റെ അക്കൗണ്ട് വഴിയാണ് വാങ്ങിയത്. ഈ പണത്തില്‍ 95 ലക്ഷമാണ് പിന്നീട് നിയമസഹായത്തിന് ഉപയോഗിച്ചത്.

2006ല്‍ ബംഗളൂരുവില്‍ അഞ്ചുനില വ്യവസായിക സമുച്ചയം വിറ്റാണ് തോമസ് ഡാനിയല്‍ വിൽപനക്ക് തുടക്കം കുറിച്ചത്. 2013ല്‍ തഞ്ചാവൂരില്‍ ഒമ്പത് ഏക്കര്‍ വിറ്റു. 2020ല്‍ തിരുവല്ലയിലുള്ള 700 ചതുരശ്രയടി ഫ്ലാറ്റും കോന്നിയിലെ 14 സെന്‍റും വിറ്റു. പോപുലര്‍ ഫിനാന്‍സ് ഡി.ജി.എം, കാഷ്യര്‍ എന്നിവരുടെ മൊഴിപ്രകാരം 100 കോടി രൂപ പിന്‍വലിച്ച് തോമസ് ഡാനിയല്‍ വസ്തുവകകള്‍ വാങ്ങിക്കൂട്ടി.

ഇതിനായി ചുമതലപ്പെടുത്തിയത് കാഷ്യറെയായിരുന്നു. ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന കോടികള്‍ പിന്‍വലിച്ച് ഡോളറാക്കി മാറ്റി കാരിയര്‍മാരെ ഉപയോഗിച്ച് ദുബൈയിലെത്തിച്ച പണം നല്‍കിയത് തോമസ് ഡാനിയലിന്‍റെ ബന്ധുവായ ബോബന്‍ എന്നയാള്‍ക്കായിരുന്നു. ബോബന്‍ ഈ പണം തോമസ് ഡാനിയലിന്‍റെ അളിയനായ ആസ്‌ട്രേലിയയിലുള്ള വര്‍ഗീസ് പൈനാടത്തിന് കൈമാറി.

ദുബൈ ആസ്ഥാനമായ കാരി കാര്‍ട്ട് ട്രേഡിങ് എല്‍.എല്‍.സി എന്ന കമ്പനിയില്‍ എല്‍ദോ എന്നൊരാള്‍ക്കൊപ്പം ചേര്‍ന്ന് 50 ശതമാനം ഷെയര്‍ തോമസ് ഡാനിയലിനുണ്ടായിരുന്നു. 10 ലക്ഷം ദിര്‍ഹമാണ് ഈ കമ്പനി വാങ്ങാന്‍ ഉപയോഗിച്ചതെന്ന് തോമസ് ഡാനിയല്‍ പിന്നീട് ഇ.ഡിക്ക് മുന്നില്‍ സമ്മതിച്ചു. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കേരളം എന്നിവിടങ്ങളിലാണ് തോമസ് ഡാനിയല്‍ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയത്.

മുഖ്യപ്രതിക്ക് ജാമ്യം നിഷേധിച്ചു

കോന്നി: 1600 കോടിയുടെ പോപുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി തോമസ് ഡാനിയലിന് ഹൈകോടതി ജാമ്യം നിഷേധിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ വിശദ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് കെ. ഹരിപാലാണ് ജാമ്യം നിഷേധിച്ചത്.

പോപുലര്‍ ഫിനാന്‍സ് തകർച്ചയുടെയും പണം വകമാറ്റലിന്‍റെയും വിശദവിവരം ഇ.ഡി റിപ്പോര്‍ട്ടിലുണ്ട്. ധൂര്‍ത്തിനൊടുവില്‍ നിത്യച്ചെലവിന് പണമില്ലാതെ വന്നപ്പോള്‍ ആ പ്രതിസന്ധി മറികടക്കാനാണ് നിക്ഷേപകരുടെ പണയസ്വര്‍ണം മറ്റു ബാങ്കുകളില്‍ പണയപ്പെടുത്തി പണമെടുത്തത്. 1132 കേസുകളിലായി 14,46,80,680 രൂപയാണ് ഇങ്ങനെ തട്ടിയെടുത്തത്.

തോമസ് ഡാനിയലിന്റെ മകള്‍ ഡോ. റിനു മറിയത്തിന്റെ മൊഴി ആസ്പദമാക്കി ഇ.ഡി പറയുന്നതിങ്ങനെ: പ്രഫഷനലിസത്തിന് വിരുദ്ധമായിട്ടായിരുന്നു കമ്പനി പ്രവർത്തനം. കിട്ടിയ പണം വസ്തുവും ആഡംബര കാറുകളും വാങ്ങാൻ ഉപയോഗിച്ചു.

മൂന്നു പെണ്‍മക്കളെയും എം.ബി.ബി.എസിന് അയച്ചു. ഇതിന് പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ രണ്ടുപേര്‍ക്ക് 25 ലക്ഷം വീതവും മൂന്നാമത്തെയാള്‍ക്ക് 40 ലക്ഷവും ഡൊണേഷൻ നൽകി. മരുമകനെ പഠിപ്പിക്കാനും പണം ഉപയോഗിച്ചു. നിക്ഷേപകരുടെ പണമെടുത്തുള്ള ഈ കളിയാണ് നാശത്തിലേക്ക് നയിച്ചത്.

2013 മുതല്‍ കമ്പനി ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തിരുന്നില്ലെന്നും ഡോ. റിനു പറഞ്ഞതായിട്ടാണ് ഇ.ഡിയുടെ വെളിപ്പെടുത്തല്‍. 258 ബ്രാഞ്ചുകളിലൂടെ 30,000 നിക്ഷേപകരില്‍ നിന്നായി 1600 കോടിയാണ് പോപുലര്‍ ഫിനാന്‍സ് സമാഹരിച്ചത്. പ്രതിവര്‍ഷം പലിശയിനത്തില്‍ നല്‍കിയത് 150 കോടിയായിരുന്നു.

അന്വേഷണവുമായി ഒരുഘട്ടത്തിലും തോമസ് ഡാനിയല്‍ സഹകരിച്ചില്ലെന്ന് ഇ.ഡി അറിയിച്ചു. വസ്തുതകള്‍ ആദ്യമൊന്നും ഇയാള്‍ പുറത്തുവിടുകയോ സമ്മതിക്കുകയോ ചെയ്തില്ല. ഇത്രയും വലിയ തട്ടിപ്പ് ആസൂത്രണം ചെയ്ത തോമസ് ഡാനിയലിന് ജാമ്യം നല്‍കിയാല്‍ വലിയ തിരിമറികള്‍ നടത്താന്‍ സാധിക്കുമെന്ന അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിന്റെ വാദം കണക്കിലെടുത്താണ് തോമസ് ഡാനിയലിന് ജാമ്യം നിഷേധിച്ചത്. സാക്ഷികളിൽ ഏറെപേരും പോപുലർ സ്ഥാപനങ്ങളിലെ ജീവനക്കാരായതിനാൽ സ്വാധീനിക്കാനുള്ള സാധ്യതയുമുണ്ട്. 2020 ആഗസ്റ്റ് 29നാണ് തോമസ് ഡാനിയല്‍ ആദ്യം അറസ്റ്റിലായത്.

പിന്നീട് ആലപ്പുഴയിലെ പ്രത്യേക കോടതി ജാമ്യം നല്‍കി. 2021 ആഗസ്റ്റ് 21ന് ഇ.ഡി വീണ്ടും അറസ്റ്റ് ചെയ്തു. അന്നുമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Money Laundering
News Summary - Carriers and benefactors were used to launder the money
Next Story