മൂന്നിടത്ത് വാഹനാപകടങ്ങൾ; 18 പേർക്ക് പരിക്ക്
text_fieldsകാർ വീടിന് മുകളിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്
പത്തനംതിട്ട: ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്.പെരിങ്ങമലയിൽ ഞായറാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം. പെരിങ്ങമല സ്വദേശികളായ അൽഅമീൻ (20), മുബാറക്(16), ഷാനു(20), അപ്പു(23) എന്നിവർക്കാണ് പരിക്കേറ്റത്. അപ്പുവിന്റെ സഹോദരിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനമെടുത്ത് വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ.
പെരിങ്ങമല ജങ്ഷന് സമീപം റേഷൻകടയ്ക്ക് സമീപത്തെ വളവിൽ കാറിന്റെ മുൻവശത്തെ ടയർ പൊട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. ഗേറ്റും തകർത്താണ് മറിഞ്ഞത്. വീട് തകർന്നിട്ടുണ്ട്. നാട്ടുകാരാണ് ഇവരെ പുറത്തെടുത്തത്. തുടർന്ന് ആംബുലൻസിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. സാരമായി പരിക്കേറ്റ അൽഅമീനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വിവരം അറിഞ്ഞ് പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തി.
കാർ കടയിലേക്ക് ഇടിച്ചുകയറി പ്രതിശ്രുത വരൻ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്
പന്തളം: നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്ത കാറിലും രണ്ട് സ്കൂട്ടറിലും ബൈക്കിലും ഇടിച്ചശേഷം ചെടിക്കടയിലേക്ക് ഇടിച്ചുകയറി. കാറിൽ ഉണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്ക്. എം.സി റോഡിൽ ചിത്ര ആശുപത്രിക്ക് സമീപം ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം.
പുന്തലയിൽനിന്ന് അടൂർ, മണ്ണടി ഭാഗത്തേക്ക് വിവാഹ നിശ്ചയത്തിനുപോയ കാറാണ് അപകടത്തിൽപെട്ടത്. കാറോടിച്ച പ്രതിശ്രുത വരൻ പുന്തല കല്ലേലിൽ ശരത്ചന്ദ്രൻ ( 28), ബന്ധുക്കളായ പുന്തല മന്നേടത്ത് വീട്ടിൽ രാജേന്ദ്രൻ (57) പുന്തല കല്ലേലിൽ വീട്ടിൽ, വിക്രമൻ നായർ ( 64 ) ,പുന്തല തോപ്പിൽ വീട്ടിൽ സദാശിവൻ (70) പുന്തല രമ്യാഭവനിൽ രാധാകൃഷ്ണൻ (62) എന്നിവക്കാണ് പരിക്കേറ്റത്. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്ര ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന രോഹിണി ഗാർഡനിലേക്കാണ് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ഗാർഡന്റെ ഉടമ അനിൽകുമാറിന്റെ കാറിലും റോഡ് അരികിൽ പാർക്ക് ചെയ്ത ബൈക്കിലും ഇടിച്ച ശേഷം കാർ തലകീഴായി മറിയുകയായിരുന്നു.
കാറുകളും ബൈക്കും കൂട്ടിയിടിച്ചു; ഒമ്പതുപേർക്ക് പരിക്ക്
പത്തനംതിട്ട: കാറുകളും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒമ്പതുപേർക്ക് പരിക്കേറ്റു. കുമ്പഴക്ക് സമീപം നെടുമാനാലിൽ ശനിയാഴ്ച 11നായിരുന്നു അപകടം. ബൈക്കിനെ മറികടക്കാൻ ശ്രമിച്ച കാർ നിയന്ത്രണംവിട്ട് എതിർദിശയിൽ വന്ന മറ്റൊന്നിൽ ഇടിക്കുകയായിരുന്നു. ഇതിനിടെ ബൈക്കിലും തട്ടി. കോന്നി താഴം കൊപ്പാറ അനി(45), മുറിഞ്ഞകൽ പുത്തൻവിള സുനിൽ മാത്യു(48),പയ്യനാമൺ ഈട്ടിക്കൽ അനി അലക്സ് (40), തിരുനെൽവേലി കാട്ടുവിളയിൽ ക്രിസ്റ്റഫർ അലക്സ്(49),വടക്കുപുറം കയ്യാലയ്ക്കൽ വീട്ടിലെ ഇസബെൽ പുന്നൂസ്(14), ജൊവാന മെറിൻ സെലിൻ (14), സാം മാത്യു(25), ജോ ജോസഫ്(ആറ്),പത്തനംതിട്ട ലളിതഭവൻ ജോസ്മി(28) എന്നിവർക്കാണ് പരിക്കേറ്റത്.പത്തനംതിട്ട പൊലീസ് തുടർനടപടി സ്വീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.