ഉപതെരഞ്ഞെടുപ്പ്; പത്തനംതിട്ടയിലും പുറമറ്റത്തും എൽ.ഡി.എഫ്, അയിരൂരിൽ യു.ഡി.എഫ്
text_fieldsബിജിമോൾ മാത്യു, പ്രീത ബി. നായര്‍, ശോഭിക ഗോപി
പത്തനംതിട്ട: ജില്ലയിൽ മൂന്ന് തദ്ദേശ സ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ പത്തനംതിട്ട നഗരസഭയിലെ കുമ്പഴ വടക്ക്, പുറമറ്റം ഗ്രാമപഞ്ചായത്ത് വാർഡുകൾ എൽ.ഡി.എഫ് നിലനിർത്തി. കുമ്പഴ വടക്ക് വാർഡിൽ എൽ.ഡി.എഫിലെ ബിജിമോൾ മാത്യുവും പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗാലക്സി നഗർ വാർഡിൽ എൽ.ഡി.എഫിലെ ശോഭിക ഗോപിയും വിജയിച്ചു. അയിരൂർ ഗ്രാമപഞ്ചായത്തിലെ തടിയൂർ വാർഡിൽ യു.ഡി.എഫിലെ പ്രീത ബി. നായർ വിജയിച്ചു. ഇവിടെ എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. 25 വർഷം സി.പി.എം സ്ഥിരമായി വിജയിച്ചുവന്ന വാർഡാണിത്.
കനത്ത മത്സരം നടന്ന പത്തനംതിട്ട നഗരസഭ 15ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി ബിജിമോൾ മാത്യു മൂന്ന് വോട്ടിനാണ് വിജയിച്ചത്. കൗൺസിലറായിരുന്ന ഇന്ദിരാമണിയമ്മ അന്തരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെഞ്ഞെടുപ്പ് നടന്നത്. ബിജിമോൾ മാത്യു 285 വോട്ട് നേടി. യു.ഡി.എഫ് സ്ഥാനാർഥി സോബി റെജി 282ഉം ബി.ജെ.പി സ്ഥാനാർഥി പ്രിയ സതീഷ് 53 വോട്ടും നേടി. പ്രമുഖ നേതാക്കൾ പ്രചാരണത്തിന് എത്തിയ വാർഡുകൂടിയായിരുന്നു ഇത്.
പുറമറ്റം ഒന്നാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി ശോഭിക ഗോപി 152 വോട്ടിനാണ് വിജയിച്ചത്. ശോഭിക ഗോപി 320 വോട്ട് നേടി. വാർഡ് അംഗം രാജിവെച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. യു.ഡി.എഫ് സ്ഥാനാർഥി ജോയ്സ് മാത്യുവിന് 168ഉം എൻ.ഡി.എ സ്ഥാനാർഥി അനുമോൾക്ക് 97 വോട്ടും ലഭിച്ചു. ഇതോടെ പഞ്ചായത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ ആറായി. യു.ഡി.എഫിനും ആറ് അംഗങ്ങളുണ്ട്. ഒരു വാർഡിലെ അംഗത്വം സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കുകയാണ്.
അയിരൂർ പഞ്ചായത്തിലെ വനിത സംവരണ വാർഡായ 16ാം വാർഡിൽ യു.ഡി.എഫിലെ പ്രീത ബി. നായർ വിജയിച്ചു. 106 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. എൽ.ഡി.എഫ് സ്ഥാനാർഥി ലോണിഷ ഉല്ലാസ് 237 വോട്ടും ബി.ജെ.പി സ്ഥാനാർഥി എസ്. ആശ 97 വോട്ടും നേടി. പാർട്ടിയുമായി പിണങ്ങിയ സി.പി.എമ്മിലെ ശ്രീജ വിമൽ രാജിവെച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ശ്രീജയെ പഞ്ചായത്ത് പ്രസിഡന്റ് ആക്കാമെന്ന് ധാരണയുണ്ടായിരുന്നു. പക്ഷേ, ഇത് നടപ്പായില്ല. ഇതോടെയാണ് ഇവര്‍ പാർട്ടിയുമായി ഇടഞ്ഞത്. അയിരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റു കൂടിയായിരുന്നു ഇവർ. അയിരൂർ പഞ്ചായത്തിൽ സി.പി.എം- ആറ്, ബി.ജെ.പി- അഞ്ച്, യു.ഡി.എഫ്- അഞ്ച്, സ്വതന്ത്രൻ- ഒന്ന് എന്നതാണ് നിലവിലെ കക്ഷിനില.
കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി -സതീഷ് കൊച്ചുപറമ്പില്‍
പത്തനംതിട്ട: ജില്ലയില്‍ പത്തനംതിട്ട മുനിപ്പാലിറ്റി 15ാം വാര്‍ഡ്, അയിരൂര്‍ ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡ്, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് എന്നിവിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നില മെച്ചപ്പെടുത്തിയതായി ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ വര്‍ഷങ്ങളായി ഇടതുപക്ഷം നിലനിര്‍ത്തിയിരുന്ന വാര്‍ഡ് കോണ്‍ഗ്രസ് പിടിച്ചെടുത്തു.
പത്തനംത്തിട്ട മുനിപ്പാലിറ്റി 15ാം വാര്‍ഡില്‍ ഭരണ സ്വാധീനവും ബി.ജെ.പി സഹായവും സ്വീകരിച്ചിട്ടും എല്‍.ഡി.എഫിന് മൂന്ന് വോട്ടിനാണ് വിജയിക്കാന്‍ കഴിഞ്ഞതെന്നന്ന് അഭിമാനിക്കാന്‍ വകയില്ലാത്തതാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ഇതിനുമുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ ഉള്‍പ്പെടെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ വിജയം യു.ഡി.എഫിന്റെ പടിപടിയായ ഉയര്‍ച്ചയെ സൂചിപ്പിക്കുന്നതാണെന്നും ഇത്തവണ മുനിസിപ്പാലിറ്റിയിലും പുറമറ്റത്തും ഉണ്ടായ തോല്‍വിയെക്കുറിച്ച് പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

