നഗരസഭ ബസ് സ്റ്റാൻഡ് യാർഡ് നിർമാണം
text_fieldsപത്തനംതിട്ട: നഗരസഭ ഹാജി സി. മീരാ സാഹിബ് സ്മാരക ബസ് സ്റ്റാൻഡ് യാർഡ് നിർമാണത്തിന് നഗരസഭ കൗൺസിൽ സമർപ്പിച്ച പദ്ധതിക്ക് ജില്ല ആസൂത്രണ സമിതി(ഡി.പി.സി) അംഗീകാരം നൽകി. നിർമാണ ഘട്ടത്തിലുണ്ടായ പോരായ്മയാണ് തുടർച്ചയായി യാർഡ് താഴ്ന്നു പോകുന്നതിന് ഇടയാക്കിയത്.
മാറി മാറി വന്ന കൗൺസിലുകൾ യാർഡ് ബലപ്പെടുത്താൻ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചെങ്കിലും ഫലമുണ്ടായില്ല. പുതിയ ഭരണസമിതി അധികാരമേറ്റതിനെ തുടർന്ന് ശാസ്ത്രീയപഠനം നടത്താൻ തിരുവനന്തപുരം എൻജിനീയറിങ് കോളജിനെ ചുമതലപ്പെടുത്തി. ഗവേഷണ വിഭാഗം പ്രഫസർ ആയ ഡോ. എൻ. ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിലെ സംഘം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പഠനം നടത്തിയിരുന്നു. ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ യാർഡിൽനിന്ന് നാലു മീറ്റർ ആഴത്തിൽ മണ്ണ് മാറ്റിയതിന് ശേഷം ഓരോ തട്ടുകളായി മണ്ണിട്ട് ഉറപ്പിക്കുന്നതിനും കോൺക്രീറ്റോ ഇന്റർലോക്കോ ചെയ്യുന്നതിനുമാണ് കൗൺസിൽ തീരുമാനിച്ചത്.
യാർഡ് നിർമാണത്തിനുള്ള കൗൺസിൽ അനുമതിയെ തുടർന്നാണ് പദ്ധതി ജില്ല ആസൂത്രണ സമിതിക്ക് സമർപ്പിച്ചത്. മണ്ണ് പരിശോധന റിപ്പോർട്ട് ശിപാർശ പ്രകാരം പ്രവർത്തനങ്ങൾ വേനൽക്കാലത്ത് നടത്താനാണ് തീരുമാനം. നിലം നികത്തിയ ഭൂമിയായതിനാൽ ഇപ്പോൾ ഉയർന്ന ജലാവിതാനമാണുള്ളത്. എന്നാൽ, പ്രവർത്തനങ്ങൾ തുടങ്ങാൻ കാലതാമസമുണ്ടാകാതിരിക്കാൻ മുന്നൊരുക്ക പ്രവർത്തനങ്ങളെല്ലാം പൂർത്തീകരിക്കാനാണ് ഭരണസമിതി ഉദ്ദേശിക്കുന്നത്. ഡി.പി.സി അനുമതി ഔദ്യോഗികമായി നഗരസഭ എൻജിനീയർക്ക് ലഭിച്ചു കഴിഞ്ഞാൽ ഉടൻ വിശദമായ എസ്റ്റിമേറ്റിന് രൂപം നൽകും. രണ്ടരക്കോടി രൂപ പ്രാഥമിക ഘട്ടത്തിൽ ആവശ്യമായി വരുന്ന പ്രവൃത്തിയായതിനാൽ സാങ്കേതിക അനുമതി ചീഫ് എൻജിനീയറിൽനിന്നും ലഭിക്കേണ്ടതുണ്ട്.
വിശദമായ എസ്റ്റിമേറ്റ് ആഗസ്റ്റ് ആദ്യ വാരം തന്നെ ചീഫ് എൻജിനീയർക്ക് സമർപ്പിക്കാനാണ് ഭരണസമിതി ലക്ഷ്യമെന്ന് നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

