വികസന പ്രതീക്ഷയേകി ഭരണിക്കാവ്-മുണ്ടക്കയം ദേശീയപാത
text_fieldsപത്തനംതിട്ട: ജില്ലക്ക് വികസന പ്രതീക്ഷ നൽകി ഭരണിക്കാവ് - മുണ്ടക്കയം എൻ.എച്ച് 183 എ കൊല്ലം - തേനി ദേശീയ പാത. ഭരണിക്കാവിൽനിന്ന് ആരംഭിച്ച് കടമ്പനാട്, അടൂർ, തട്ട, കൈപ്പട്ടൂർ, ഓമല്ലൂർ-പത്തനംതിട്ട, മൈലപ്ര, മണ്ണാരക്കുളഞ്ഞി, വടശ്ശേരിക്കര, പെരുനാട്, ളാഹ, പ്ലാപ്പള്ളി, ഇലവുങ്കൽ, നാറാണംതോട്, തുലാപ്പള്ളി, കണമല, മുക്കൂട്ടുതറ, എരുമേലി, പേരൂർത്തോട്, വഴിയാണ് മുണ്ടക്കയത്ത് എത്തുന്നത്. ജില്ലയിലൂടെ കടന്നുപോകുന്ന ആദ്യ ദേശീയ പാതയാണിത്. കടമ്പനാട് മുതൽ നെല്ലിമൂട്ടിൽപടി വരെയും മുണ്ടക്കയം മുതൽ എരുമേലി വരെയുമുള്ള ഭാഗം ഉന്നത നിലവാരത്തിൽ ടാറിങ് ചെയ്തു.
ആദ്യഘട്ട നിർമാണത്തിന് 30.18 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ ഭരണിക്കാവ് മുതൽ അടൂര്‍ നെല്ലിമൂട്ടിൽപ്പടി വരെ 16 കിലോമീറ്റര്‍ നിർമാണത്തിനായി 13.68 കോടി രൂപ ചെലവിട്ടിരുന്നു.
എൻ.എച്ച് 183 എ പാതക്ക് 116 കിലോമീറ്റർ ദൂരമാണുള്ളത്. ഇതിൽ പമ്പക്കുള്ള ലിങ്ക് റോഡിന് 21.6 കിലോമീറ്ററാണ് ദൂരം. ഇലവുങ്കൽ മുതൽ പമ്പ വരെയാണ് ലിങ്ക് റോഡ്. ഭരണിക്കാവ് മുതൽ മുണ്ടക്കയം വരെ നാല് വരി പാതയാണ് ഉദ്ദേശിക്കുന്നത്. ഇതിന് ഭൂമി ഏറ്റെടുക്കേണ്ടി വരും. അടൂർ, കൈപ്പട്ടൂർ, ഓമല്ലൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ ടൗണിൽ നാലുവരി പാതക്ക് സ്ഥലം ഏറ്റെടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ബൈപാസ് നിർമിക്കും. അച്ചൻകോവിലാറ്റിൽ കൈപ്പട്ടൂരിൽ പുതിയ പാലം നിർമിക്കും.
പത്തനംതിട്ട നഗരത്തിൽ പ്രവേശിക്കാതെ സ്റ്റേഡിയം, റിംഗ്റോഡ്, അബാൻ ജങ്ഷൻ വഴിയാണ് പാത കടന്നുപോകുന്നത്. ശബരിമല ഇടത്താവളത്തിന് പിന്നിലൂടെയാണ് പുതിയ റോഡ് വരുന്നത്. മൈലപ്രയിൽ എത്തി പുനലൂർ- പൊൻകുന്നം കെ.എസ്.ടി.പി റോഡിൽ പ്രവേശിക്കും. മണ്ണാരക്കുളഞ്ഞി വരെ പുനലൂർ - പൊൻകുന്നം റോഡിലൂടെ പോകും. അതിനുശേഷം ശബരിമല റോഡിലൂടെയാണ് കടന്നു പോകുന്നത്.
പൂര്‍ണമായും കേന്ദ്ര ഫണ്ടില്‍ ദേശീയപാത അതോറിറ്റിക്കാണ് നിര്‍മാണം. ശബരിമല തീർഥാടകരുടെ യാത്ര എളുപ്പമാക്കാനാണ് നിര്‍ദിഷ്ട പാത ദേശീയപാതയാക്കി നവീകരിക്കാനും ഭാവിയില്‍ നാലുവരി പാതയാക്കാനുമുദ്ദേശിക്കുന്നത്. കോട്ടയം ജില്ലയിൽ കണമല മുതൽ മുണ്ടക്കയം വരെ 27.5 കിലോമീറ്ററാണ് ദൈർഘ്യം. കൊല്ലം ജില്ലയിൽ ആറും പത്തനംതിട്ട ജില്ലയിൽ 82.5 കിലോമീറ്ററുമാണ് പാത കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

