ചുട്ടുപൊള്ളുന്ന വെയിലിൽ കുളിരേകി അശോകവനം
text_fieldsആനത്താവളത്തിലെ അശോകവനം
കോന്നി: ഇക്കോ ടൂറിസം കേന്ദ്രത്തിൽ സന്ദർശകരുടെ ഇഷ്ട ഇടങ്ങളിൽ ഒന്നാണ് പൂത്തുലഞ്ഞു നിൽക്കുന്ന അശോകവനം. ടൂറിസം കേന്ദ്രത്തിന്‍റെ നവീകരണത്തിന്‍റെ ഭാഗമായാണ് മ്യൂസിയത്തിന് സമീപം അശോക വനം സൃഷ്ടിച്ചത്. കൂട്ടമായി നിൽക്കുന്ന 25ലധികം അശോക മരങ്ങൾക്ക് ഇടയിൽ തയാറാക്കിയ ഇരിപ്പിടങ്ങളിൽ വിശ്രമിക്കുവാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്.
വനം വകുപ്പിന്റെ ക്ലാസുകൾ, ചിത്ര രചന മത്സരങ്ങൾ തുടങ്ങി വിവിധ പരിപാടികളും ഇവിടെ നടന്നു വരുന്നുണ്ട്. ശബ്ദകോലാഹലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന അശോക വനം ആരുടേയും മനസ്സിന് ശാന്തത പകരുന്ന അന്തരീക്ഷവും സമ്മാനിക്കുന്നു.ദുഃഖം അകറ്റുന്നത് എന്ന് അർഥം വരുന്ന അശോക മരത്തിന് ഒട്ടേറെ സവിശേഷതകളുമുണ്ട്.
ശ്രീ ബുദ്ധനെ അമ്മ മായാ ദേവി പ്രസവിച്ചത് അശോക വൃക്ഷചുവട്ടിൽ ആണെന്നും സീതയെ അപഹരിച്ചു കൊണ്ടുപോയ രാവണൻ അശോകവനിയിൽ പാർപ്പിച്ചു എന്നും കാമ ദേവന്റെ പുഷ്പ ശരങ്ങളിൽ ഒന്നാണ് അശോക പൂവ് എന്നെല്ലാമുള്ള പുരാണങ്ങളും ആശോകമരങ്ങൾക്ക് ഇടയിൽ ബോർഡിൽ കാണാം.
നട്ടുച്ചയ്ക്ക് പോലും തണുപ്പ് നൽകുന്നതാണ്അശോക വൃക്ഷങ്ങളുടെ തണൽ. സ്ത്രീ രോഗങ്ങൾക്ക് ഉൾപ്പെടെ ഔഷധമായി ഉപയോഗിക്കാവുന്ന അശോകം ആയുർവേദത്തിലും ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. വിവിധ ഇനം ചിത്ര ശലഭങ്ങൾ, കിളികൾ, അണ്ണാൻ , പ്രാണികൾ എന്നിവയുടെ ആവാസകേന്ദ്രം കൂടിയാണ് ഈ അശോകവനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

