വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; എക്‌സൈസ് സിവിൽ ഓഫിസർക്ക് പരിക്ക്
text_fieldsപത്തനംതിട്ട: കഞ്ചാവ് കേസ് പ്രതികളെ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തെ വാഹനമിടിപ്പിച്ച് കൊല്ലപ്പെടുത്താൻ ശ്രമം. എക്‌സൈസ് സിവിൽ ഓഫിസർക്ക് പരിക്ക്. പത്തനംതിട്ട എക്‌സൈസ് സ്‌ക്വാഡിലെ സിവിൽ ഓഫിസർ കെ. എസ്. ശ്രീആനന്ദിനാണ് പരിക്കേറ്റത്. ഇദ്ദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി 10 ഓടെ കുമ്പഴ വടക്കാണ് സംഭവം. കഞ്ചാവ് കേസുകളിലെ സ്ഥിരം പ്രതിയായ പത്തനംതിട്ട വലഞ്ചുഴി സ്വദേശി നസിം സുലൈമാനും സുഹൃത്ത് അസീഫും കഞ്ചാവ് വിൽപന നടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് എത്തിയതായിരുന്നു എക്‌സൈസ് സംഘം. ബെലേനോ കാറിൽ കാത്തുകിടന്ന നസീമും അസീഫും സ്‌കൂട്ടറിലെത്തിയ രണ്ട് യുവാക്കൾക്ക് കഞ്ചാവ് കൈമാറുന്നതിനിടെയാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടാനെത്തിയത്.
അപ്പോഴേക്കും സ്‌കൂട്ടറിലെത്തിയവർ രക്ഷപ്പെട്ടു. അസീഫ് കാറിൽനിന്ന് ഇറങ്ങിയോടി. നസീമിനെ പിടികൂടാൻ ശ്രമിക്കുമ്പോഴേക്കും കാറിന്‍റെ ഡോർ അകത്തുനിന്ന് പൂട്ടി ഗ്ലാസ് ഉയർത്തി. ബൈക്കുമായി എക്സൈസ് സംഘം കാറിന് മുന്നിൽ തടസ്സം നിന്നെങ്കിലും ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് പോവുകയായിരുന്നു. കാറിന് മുന്നിൽവീണ ശ്രീആനന്ദ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന് ഇടത് കാലിലിന് പരിക്കുണ്ട്. കാറിടിച്ച്‌എക്‌സൈസിന്‍റെ ബൈക്കും തകർന്നിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ സി.ഐയും സംഘവുമാണ് ശ്രീആനന്ദിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

