യുവാവിനെ തലക്കടിച്ച് പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ
text_fieldsസോജു
പത്തനംതിട്ട: മുൻവിരോധത്താൽ കല്ലുകൊണ്ട് യുവാവിന്റെ തലക്കടിച്ച് ഗുരുതരമായി പരിക്കേൽപിച്ച കേസിൽ പ്രതിയെ മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ പാമ്പേറ്റുമല സോജു ഭവൻ വീട്ടിൽ കെ. സോജുവാണ് (35) പിടിയിലായത്. ശനിയാഴ്ച രാത്രി 10നു ശേഷം മലയാലപ്പുഴ ക്ഷേത്രത്തിനു മുന്നിലെ റോഡിൽ മലയാലപ്പുഴ കടുവാക്കുഴി രമ്യ ഭവനിൽ രാഹുൽ കൃഷ്ണനാണ് ആക്രമണത്തിൽ തലക്ക് ഗുരുതര പരിക്കേറ്റത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള രാഹുലിന്റെ മൊഴി രേഖപ്പെടുത്തി മലയാലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സോജുവിനെ ക്ഷേത്രത്തിനു സമീപത്തുനിന്ന് ഉടൻ പൊലീസ് കസ്റ്റഡിയിലെടുത്തു. 2021ൽ മലയാലപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത ദേഹോദ്രവക്കേസിൽ ഉൾപ്പെട്ട പ്രതിയാണ് സോജു. മലയാലപ്പുഴ പൊലീസ് ഇൻസ്പെക്ടർ ജി. സുഭാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

