അസം യുവതിക്ക് ക്രൂര പീഡനം; റാക്കറ്റിന് എക്സൈസ്, പൊലീസ് സഹായമെന്നും പരാതി
text_fieldsപത്തനംതിട്ട: ജോലി വാഗ്ദാനംചെയ്ത് അസമിൽനിന്ന് കേരളത്തിലെത്തിച്ച യുവതിക്ക് ക്രൂരപീഡനങ്ങളേറ്റെന്ന് പരാതി. ഭർത്താവിനെ ലഹരിക്കേസിൽ കുടുക്കി ജയിലിലാക്കിയെന്നും കുടുംബം ആരോപിക്കുന്നു. അടൂരിനു സമീപം വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിനി മനുഷ്യക്കടത്ത്, പീഡനം, തടവിലാക്കൽ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസിലും മനുഷ്യാവകാശ കമീഷനിലും വനിതാ കമീഷനിലും പരാതി നൽകിയിരുന്നു. അടൂരിലുള്ള അസംകാരനായ ഏജന്റ് കൊല്ലം ചവറയിൽ ജോലി ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് നാലു വർഷംമുമ്പ് യുവതിയെ കലയപുരം ഭാഗത്ത് എത്തിച്ചു.
പറ്റിക്കപ്പെട്ടെന്ന് മനസ്സിലാക്കി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ലൈംഗികമായി പീഡിപ്പിച്ചു. ബംഗാൾ സ്വദേശിയായ അതിഥിത്തൊഴിലാളിയുടെ സഹായത്തോടെ പുറത്തുകടന്ന യുവതി 2022ൽ ഇയാളെ വിവാഹം ചെയ്തു. ഭർത്താവ് നാട്ടിൽപോയ സമയത്ത് പഴയ സംഘം യുവതിയെ കണ്ടെത്തി വീണ്ടും ഉപദ്രവിച്ചെന്നും ഏപ്രിലിൽ ഭർത്താവിനെ ലഹരിക്കേസിൽ കുടുക്കിയെന്നും പരാതിയിൽ പറയുന്നു.
താമസസ്ഥലത്തെ ശൗചാലയത്തിൽനിന്ന് ബ്രൗൺ ഷുഗർ കണ്ടെത്തിയെന്നായിരുന്നു എക്സൈസ് കേസ്. ഏപ്രിൽ 15 മുതൽ ഇയാൾ കൊട്ടാരക്കര സബ്ജയിലിലാണ്. കേരളത്തിലെത്തിച്ച അസം സ്വദേശിയുടെ ഭീഷണി തുടരുന്നതായും പരാതിയിൽ പറയുന്നു. ഏജന്റിന് പിന്തുണ നൽകുന്ന എക്സൈസിലെയും പോലീസിലെയും രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും യുവതിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും ഭർതൃസഹോദരൻ, അഭിഭാഷകനായ അഭയദേവ് അടൂർ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
യുവതിയെ തടവിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേന്ദ്രത്തിലെ നിത്യ സന്ദർശകനാണ് എക്സൈസിലെ ഉദ്യോഗസ്ഥൻ. സ്ത്രീകളെ കടത്തികൊണ്ടുവന്ന് അനാശാസ്യ കേന്ദ്രം നടത്തുന്ന റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്. ജില്ല പൊലിസ് ആസ്ഥാനത്തെ പൊലിസുകാരനടക്കം ഇതിന് എല്ലാ പിന്തുണയും നൽകുന്നുണ്ട്. ഇക്കാര്യമെല്ലാം അറിയാമായിരുന്നിട്ടും സംരക്ഷിക്കുന്ന നിലപാടാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്വീകരിക്കുന്നതെന്നും പരാതിക്കാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

