ഏഷ്യൻ നീർപക്ഷി കണക്കെടുപ്പ്; നീർപക്ഷികളുടെ എണ്ണത്തിൽ വർധന
text_fieldsപന്തളം: ജില്ലയിലെ എട്ട് നീർത്തടങ്ങളിലായി ഞായറാഴ്ച നടന്ന ഏഷ്യൻ നീർപക്ഷി കണക്കെടുപ്പിൽ നീർപക്ഷികളുടെ എണ്ണത്തിൽ വർധന. നീർത്തടങ്ങളുമായി ബന്ധപ്പെട്ട് കാർഷിക പ്രവർത്തനങ്ങൾ വർധിച്ചത് പക്ഷികളുടെ എണ്ണം കൂടാൻ ഇടയാക്കിയതായി കണക്കെടുപ്പ് സംഘം പറഞ്ഞു. നീർത്തടങ്ങളുടെ പാരിസ്ഥിതിക ആരോഗ്യം വിലയിരുത്തുന്നതിനും ദേശാടകരും സ്ഥിരവാസികളുമായ നീർപക്ഷികളുടെ സ്ഥിതി മനസ്സിലാക്കാനുമായാണ് ദേശാടകരെത്തുന്ന ജനുവരിയിൽ കണക്കെടുപ്പ് നടത്തുന്നത്.
എല്ലാ ജില്ലകളിലും കണക്കെടുപ്പ് നടക്കുന്നുണ്ട്. കരിങ്ങാലി പുഞ്ചയിലെ ചേരിക്കൽ ഭാഗവും പൂഴിക്കാട് ഭാഗവും ഉളനാട് പോളച്ചിറ, ആറന്മുള- നാൽക്കാലിക്കൽ നീർത്തടം, നന്നൂർ ഇഞ്ചൻചാൽ, കുന്നന്താനം- കവിയൂർ പുഞ്ച, എന്നിവിടങ്ങളിലും അപ്പർ കുട്ടനാടൻ നീർത്തടങ്ങളായ ഇടിഞ്ഞില്ലം, മേപ്രാൽ എന്നിങ്ങനെ ജില്ലയിലെ എട്ട് നീർത്തടങ്ങളിലാണ് കണക്കെടുപ്പ് നടന്നത്.
കേരള വനം-വന്യജീവി വകുപ്പ് സമൂഹിക വനവത്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ ‘പത്തനംതിട്ട ബേഡേഴ്സ്’ ആണ് കണക്കെടുപ്പ് നടത്തിയത്. മുൻവർഷത്തെക്കാൾ കൂടുതൽ പക്ഷികളെ ഈ വർഷത്തെ കണക്കെടുപ്പിൽ രേഖപ്പെടുത്താൻ കഴിഞ്ഞു. നീർപക്ഷികളും നീർത്തടങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവയുമായ 63 ഇനത്തിൽ പെട്ട 7142 പക്ഷികളെ എണ്ണി തിട്ടപ്പെടുത്താൻ നിരീക്ഷകർക്ക് കഴിഞ്ഞു.
പുള്ളിച്ചുണ്ടൻ കൊതുമ്പന്നം, വർണക്കൊക്ക്, കരണ്ടിക്കൊക്ക്, ചെമ്പൻ ഐബിസ്, സൂചിവാലൻ എരണ്ട, ബഹുവർണമണലൂതി, ചതുപ്പൻ, പുള്ളി കാടക്കൊക്ക്, കരിമ്പൻ കാടക്കൊക്ക്, ആറ്റുമണൽക്കോഴി, പൊന്മണൽക്കോഴി, പവിഴക്കാലി, പച്ചക്കാലി, വെള്ളവാലുകുലുക്കി, മഞ്ഞവാലുകുലുക്കി, വഴികുലുക്കി, കരിതപ്പി, കരി ആള എന്നിവയാണ് ഇതിൽ ദേശാടകരും പ്രധാനപ്പെട്ടവയും.
ജില്ലയുടെ വടക്കുപടിഞ്ഞാറ് അതിർത്തി പ്രദേശത്തെ അപ്പർകുട്ടനാടൻ നീർത്തടമായ ഇടിഞ്ഞില്ലത്തുനിന്ന് 39 പുള്ളിച്ചുണ്ടൻ കൊതുമ്പന്നങ്ങളെയാണ് കണക്കെടുപ്പ് സംഘം നിരീക്ഷിച്ചത്.
കരിങ്ങാലി പുഞ്ചയിൽ ചരൽകുരുവിയെയും കണ്ടെത്തി. നീർപക്ഷികളൊടൊപ്പം മറ്റു പക്ഷികളുടെയും വിവരം ശേഖരിച്ചിരുന്നു. എട്ട് നീർത്തടപ്രദേശത്തുനിന്നുമായി 114 ഇനം പക്ഷികളെയാണ് സർവേ സംഘം രേഖപ്പെടുത്തിയത്.
പക്ഷിനിരീക്ഷകരും പക്ഷിഫോട്ടോഗ്രാഫർമാരും വിദ്യാർഥികളും വനംവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന ഓരോ സംഘങ്ങളും രാവിലെ 6.30 മുതൽ 10.30 വരെയാണ് ഓരോ നീർത്തടത്തിലും കണക്കെടുപ്പ് നടത്തിയത്. പത്തനംതിട്ട കാതോലിക്കറ്റ് കോളജ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളും പങ്കെടുത്തു.
സമൂഹിക വനവത്കരണ വിഭാഗം അസി. കൻസർവേറ്റർ സി.കെ.ഹാബി , റേഞ്ച് ഓഫിസർ അശോകൻ എ.എസ്, പത്തനംതിട്ട ബേഡേഴ്സ് അംഗങ്ങളായ ഹരി മാവേലിക്കര, ജിജി സാം, അനീഷ് ശശിദേവൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കണക്കെടുപ്പിൽ അവർക്കൊപ്പം മുതിർന്ന പക്ഷിനിരീക്ഷകരായ അനീഷ് മോഹൻ തമ്പി,എസ്. അമ്പാടി , റോബിൻ സി.കോശി, ഹരികുമാർ മാന്നാർ, ശ്രീദേവി മാധവൻ എന്നിവർ വിവിധ സംഘങ്ങളെ നയിച്ചു.
കണക്കെടുപ്പിൽനിന്ന് ശേഖരിച്ച വിവരങ്ങൾ പരിപാടിയുടെ സംസ്ഥാന കോഓഡിനേറ്ററായ ഡോ. പി.ഒ. നമീർ മുഖാന്തരം നാഷനൽ കോഓഡിനേറ്റർക്ക് കൈമാറുമെന്നും ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ രാജ്യത്തെ നീർത്തട പരിപാലനവും സംരക്ഷണവുമായി ബന്ധപ്പെട്ട നയരൂപവത്കരണത്തിന് ഉപയോഗിക്കുമെന്നും പരിപാടിയുടെ ജില്ല കോഓഡിനേറ്ററായ ഹരി മാവേലിക്കര പറഞ്ഞു.
ജില്ലയിലെ നീർത്തടങ്ങളുടെ സംരക്ഷണപ്രവർത്തനങ്ങൾക്കായി കഴിഞ്ഞ അഞ്ചുവർഷത്തെ നീർപക്ഷി കണക്കെടുപ്പിന്റെ വിവരങ്ങൾ വിശകലനം ചെയ്യുവാനും പക്ഷിനിരീക്ഷരെ ഉൾപ്പെടുത്തി സെമിനാർ സംഘടിപ്പിക്കുവാനും ആലോചിക്കുന്നതായി അസി. കൺസർവേറ്റർ സി.കെ. ഹാബി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.