അഷ്ടമിരോഹിണി വള്ളസദ്യ നാളെ; അടുപ്പിൽ അഗ്നി പകർന്നു
text_fieldsആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി വള്ളസദ്യക്ക് മുന്നോടിയായി പാചകപ്പുരയിൽ പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ ഭദ്രദീപം കൊളുത്തി പാചകം ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയുടെ പാചകത്തിന് തുടക്കം കുറിച്ച് ഊട്ട് പുരയിലെ അടുപ്പിൽ അഗ്നി പകർന്നു. രാവിലെ ക്ഷേത്രത്തിലെ ശ്രീകോവിലിൽനിന്നുള്ള ഭദ്രദീപം പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ തെളിച്ചതോടെ പാചകത്തിന് തുടക്കമായി. 600 ൽപരം ആളുകളുടെ പരിശ്രമത്തിലാണ് സദ്യവട്ടം ഒരുക്കുന്നത്. അഷ്ടമിരോഹിണി വള്ളസദ്യ വെള്ളിയാഴ്ച ഉച്ചക്ക് 12ന് ആരംഭിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഭഗവാൻ പാർഥസാരഥിക്ക് സമർപ്പിച്ച് ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ക്ഷേത്രത്തിന്റെ മുറ്റത്തു ഇരുന്ന് 52 കരയിലെ പള്ളിയോട പ്രവർത്തകർ വിഭവ സമൃദ്ധമായ സദ്യ കഴിക്കും.
ഒരു ലക്ഷത്തിൽ അധികം പേർക്ക് വള്ളസദ്യ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ആണ് ഒരുക്കുന്നത്. സദ്യക്കുള്ള തൈര് ചേനപ്പാടി ഗ്രാമത്തിൽനിന്ന് ഭക്ത ജനങ്ങൾ ഘോഷയാത്രയായി ആറന്മുള ക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ 10ന് കൊടിമര ചുവട്ടിൽ സമർപ്പിക്കും.
വള്ളസദ്യകളിൽ പാടി ചോദിച്ചു വാങ്ങുന്ന ഒരു പ്രധാന വിഭവം ചേനപ്പാടി രാമച്ചാരുടെ പാള തൈര് ആണ്. അമ്പലപ്പുഴ അരവിന്ദാക്ഷൻ നായരുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘം ആറന്മുളയിൽ എത്തി അമ്പലപ്പുഴ പാൽപായസം ഉണ്ടാക്കുന്നത് സദ്യയിലെ ഒരു പ്രധാന വിഭവമായി വിളമ്പുന്നുണ്ട്. സദ്യക്ക് സമാപനം കുറിച്ചുള്ള ചടങ്ങ് 16ന് ഉച്ചക്ക് 12ന് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

