പമ്പയിൽ ആവേശപ്പൂരം; ജലഘോഷയാത്രയിൽ 51 പള്ളിയോടങ്ങൾ
text_fieldsആറന്മുള ഉത്രട്ടാതി വള്ളംകളിയുടെ ഭാഗമായി ജലഘോഷയാത്ര കടന്നുപോകുമ്പോൾ ആവേശത്തിൽ പങ്കുചേരുന്ന മാവേലി
ആറന്മുള: തുഴകളുടെ താളത്തിനൊത്ത് പള്ളിയോടങ്ങൾ കുതിച്ചപ്പോൾ പമ്പ നദിയുടെ നെട്ടായത്തിൽ ആവേശപ്പുരം. കാണികളെ ആവേശത്തേരിലേറ്റിയായിരുന്നു എ,ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനൽ മത്സരങ്ങൾ. കരകളിൽ തടിച്ചുകൂടിയ വൻ ജനാവലിയുടെ തിമിർപ്പിനൊപ്പം അടനയമ്പ് കറക്കിക്കുത്തി പള്ളിയോടങ്ങൾ കുതിച്ചുപാഞ്ഞു. അസ്തമയസൂര്യന്റെ കിരണങ്ങളേറ്റ് പള്ളിയോടങ്ങൾ മിന്നിത്തിളങ്ങിയത് ആനന്ദകാഴ്ചയുമായി.
ഭക്തിയും ആവേശവും നിറയുന്ന ഉത്രട്ടാതി വള്ളംകളി കാണാനായി ഉച്ചയോടെ തന്നെ ആറന്മുളയിലേക്ക് നാട്ടുകാർ ഒഴുകിയെത്തി. മഴ ഒഴിഞ്ഞുനിന്നതോടെ വലിയ ജനാവലിയാണ് മത്സരം നടന്ന നെട്ടായത്തിലേക്ക് എത്തിയത്. കനത്ത വെയിലിനെ അവഗണിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും വലിയ നിരയുമുണ്ടായിരുന്നു. ജലഘോഷയാത്രക്ക് ശേഷമായിരുന്നു മത്സരവള്ളംകളി. സത്രകടവിൽ മന്ത്രി വീണ ജോർജ് ജലഘോഷയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു.
തുഴച്ചിൽകാർ പാർഥസാരഥി ക്ഷേത്രത്തിലെത്തി പ്രാർഥിച്ച് ദേവനെ വണങ്ങി പൂമാലയും പ്രസാദവും സ്വീകരിച്ചാണ് ജലഘോഷയാത്രക്കും മത്സരത്തിനുമായി ഇറങ്ങിയത്. ജലഘോഷയാത്രയിൽ 51 പള്ളിയോടങ്ങളാണ് പങ്കെടുത്തത്. ഏറ്റവും മുന്നിലായി തിരുവോണത്തോണി നീങ്ങി. പിന്നാലെ പള്ളിയോടങ്ങൾ നിരന്നു. എല്ലാ കൈകളും ഒരേ താളത്തിൽ പമ്പയാറ്റിൽ താളമിട്ട് ഒരേ വേഗത്തിൽ മുന്നോട്ട് നീങ്ങിയപ്പോൾ ഇരുകരകളും വള്ളപ്പാട്ടുമായി ഒപ്പംചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

