സിമന്റ് പാളികൾ ഇളകിവീഴുന്ന സ്ഥിതി; ആറന്മുള ഗവ. സ്കൂളിന്റെ ഫിറ്റ്നസ് റദ്ദാക്കി
text_fieldsആറന്മുള ഗവ. ഹയർ സെക്കൻഡറി സ്കൂൾ
കോഴഞ്ചേരി: ബലക്ഷയം കണ്ടെത്തിയതിനെത്തുടർന്ന് ആറന്മുള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. അധ്യയന വർഷാരംഭത്തിൽ കെട്ടിടത്തിന് ഫിറ്റ്നസ് നൽകിയിരുന്നെങ്കിലും തേവലക്കര സ്കൂളിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം മല്ലപ്പുഴശ്ശേരി പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയിൽ കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഭിത്തിയിൽനിന്നടക്കം സിമന്റ് പാളികൾ ഇളകിവീഴുന്ന സ്ഥിതിയായിരുന്നു.
തുടർന്ന് കെട്ടിടം ഉപയോഗിക്കുന്നത് വിലക്കി പഞ്ചായത്ത് നോട്ടീസും നൽകി. ചൊവ്വാഴ്ച രാവിലെ കെട്ടിടത്തിൽ വിദ്യാർഥികൾ പ്രവേശിക്കുന്നത് വിലക്കി മുന്നറിയിപ്പ് നോട്ടീസും പതിച്ചു. അപ്രതീക്ഷിതമായി ഫിറ്റ്നസ് റദ്ദാക്കിയത് സ്കൂളിന്റെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. 1972ൽ പണിത 56 വർഷം പഴക്കമുള്ള കെട്ടിടത്തിലാണ് ഹയർ സെക്കൻഡറി വിഭാഗവും ഓഫിസ് മുറികളും സ്റ്റാഫ് റൂമും ലാബുകളും അടക്കം പ്രവർത്തിക്കുന്നത്.
ഇതോടെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. താൽക്കാലികമായി ഹയർ സെക്കൻഡറി വിദ്യാർഥികളെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ഇവിടെ വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തത് പഠനത്തെയും ബാധിക്കുന്നുണ്ട്. എൽ.പി ക്ലാസുകൾ അടക്കം തൊട്ടടുത്ത് പ്രവർത്തിക്കുന്നത് സുഗമമായ ക്ലാസ് അന്തരീക്ഷത്തെ ബാധിക്കുന്നതായും വിദ്യാർഥികൾ പറയുന്നു.
ഇതുമൂലം പ്രവർത്തനം പ്രതിസന്ധിയിലായെന്ന് പ്രഥമാധ്യാപിക ഗീത പറഞ്ഞു. നിലവിൽ സ്കൂൾ അങ്കണത്തിൽ പുതിയൊരു കെട്ടിടത്തിന്റെ നിർമാണം നടന്നുവരുകയാണ്. ഇത് പൂർത്തിയാൽ കുട്ടികളെ ഇവിടേക്ക് മാറ്റാൻ കഴിയുമെന്നും ഇവർ പറഞ്ഞു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നൂറുശതമാനം വിജയം കൈവരിക്കുന്ന സ്കൂളുകളിലൊന്നാണിത്. ഓഡിറ്റോറിയത്തിലേക്ക് ക്ലാസുകൾ മാറ്റിയത് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് രക്ഷാകർത്താക്കൾ പറയുന്നു. നിർമാണത്തിലിരിക്കുന്ന കെട്ടിടം അടിയന്തരമായി പൂർത്തിയാക്കി പ്രതിസന്ധി പരിഹാരം കാണണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

