നാലിടത്ത് അംഗീകാരം; പത്തനംതിട്ട മാത്രം പുറത്ത്
text_fieldsപത്തനംതിട്ട: ഉയർന്ന മാർക്കുവാങ്ങി സർക്കാർ കോളജിൽ പ്രവേശനം നേടിയിട്ടും ഭാവി അനിശ്ചിതത്വത്തിൽ നിൽക്കുന്ന വിചിത്ര ഗതികേടാണ് പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജ് വിദ്യാർഥികൾക്കുള്ളത്. 118 കുട്ടികളാണ് ഒന്നും രണ്ടും വർഷ ബാച്ചുകളിലായി ഇവിടെയുള്ളത്. ഇതിൽ ഒമ്പതുപേർ ആൺകുട്ടികളാണ്.
ഇവർക്ക് വേണ്ട അടിസ്ഥാന സൗകര്യമൊന്നും നിലവിൽ ഇല്ലെന്നിരിക്കെയാണ് മൂന്നാം ബാച്ചിന്റെ പ്രവേശന നടപടികൾക്ക് തുടക്കമായിരിക്കുന്നത്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ മാനദണ്ഡപ്രകാരം കോളജ് താൽക്കാലിക കെട്ടിടത്തിൽ തുടങ്ങാമെങ്കിലും രണ്ട് വർഷത്തിനുള്ളിൽ സ്വന്തമായി കെട്ടിടം നിർമിച്ച് മാറണം. എന്നാൽ, പത്തനംതിട്ടയിൽ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രാഥമിക നടപടിപോലും പൂർത്തിയാക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. ഇതോടെ ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരവും അനിശ്ചിതത്വത്തിലാണ്.
സംസ്ഥാനത്ത് 2023ൽ തുടങ്ങിയ പത്തനംതിട്ട അടക്കമുള്ള അഞ്ച് നഴ്സിങ് കോളജുകൾക്കും ആദ്യം ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. പിന്നീട് ഇടുക്കി, വയനാട്, കാസർകോട്, പാലക്കാട് എന്നിവിടങ്ങളിലെ രണ്ടാം ബാച്ചുകൾക്ക് അംഗീകാരമായി. മെഡിക്കൽ കോളജിനോട് ചേർന്നാണ് ഈ നഴ്സിങ് കോളജുകൾ എന്നതാണ് ഇവർക്ക് അംഗീകാരമെന്ന കടമ്പ മറികടക്കാൻ തുണയായത്. ഇവിടങ്ങളിലെ ആദ്യബാച്ചിനും ഉടൻ അംഗീകാരം ലഭിച്ചേക്കും. എന്നാൽ, പത്തനംതിട്ടയിൽ ഒരുബാച്ചിനും അംഗീകാരമായിട്ടില്ല.
ഒട്ടും സൗകര്യമില്ലാത്ത ചെറിയ മുറികളിലാണ് പത്തനംതിട്ടയിൽ ക്ലാസുകൾ നടക്കുന്നത്. മുറിയുടെ ഇടക്കുള്ള തൂണുകൾ കാരണം അധ്യാപകരെ കാണാനും കഴിയില്ല. സ്റ്റാഫ് റൂം ക്ലാസാക്കി മാറ്റിയാണ് രണ്ടാം ബാച്ച് വിദ്യാർഥികൾക്ക് ക്ലാസുകൾ നടത്തുന്നത്. ആകെ രണ്ട് ശുചിമുറി മാത്രമാണുള്ളത്. റോഡിൽ വാഹനത്തിരക്ക് അനുഭവപ്പെടുന്നതിനാൽ ക്ലാസുകൾ കേൾക്കാൻപോലും കഴിയാത്ത സ്ഥിതിയാണെന്നും വിദ്യാർഥികൾ പറയുന്നു.
സൗകര്യക്കുറവ് കാരണം അടുത്തിടെ കോളജ് ജങ്ഷനിലേക്ക് പ്രിൻസിപ്പൽ ഓഫിസ് മാറ്റിയിരുന്നു. അധ്യാപകരുടെ അഭാവവും ഇവർക്ക് തിരിച്ചടിയാണ്. ഹോസ്റ്റൽ ഇല്ലാത്തതിനാൽ പുറത്ത് ചെലവേറിയ സ്വകാര്യ താമസ സൗകര്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് സാമ്പത്തിക ബുദ്ധിമുള്ള കുട്ടികളെ വലക്കുകയാണ്. വാടകക്കും ഭക്ഷണത്തിനുമായി 8000 രൂപയോളം വേണ്ടിവരുന്നതായും വിദ്യാർഥികൾ പറയുന്നു.
കോളജിന് അംഗീകാരമില്ലാത്തതിനാൽ വിദ്യാഭ്യാസ വായ്പ ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കളും പറയുന്നു. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രിയെ കാണാൻ പലതവണ ശ്രമിച്ചിട്ടും നടന്നില്ലെന്നും അവർ പറയുന്നു. ഇതിനിടെ, മലയാലപ്പുഴയിലെ മുസ്ലിയാർ എൻജിനീയറിങ് കോളജിന്റെ ഹോസ്റ്റലിലേക്ക് കോളജ് മാറ്റാൻ നേരത്തേ നീക്കം നടന്നിരുന്നു.
ഇതനുസരിച്ച് അവിടെ ഒരുക്കേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ എൻജിനീയറിങ് കോളജ് അധികൃതർ തന്നെ ക്ലാസ് മുറികൾ അടക്കം ക്രമീകരിച്ച് നൽകണമെന്ന നിർദേശമുണ്ടായി. എന്നാൽ, സർക്കാർ ചെലവിൽ സൗകര്യം ഒരുക്കണമെന്ന് കെട്ടിട ഉടമകൾ ആവശ്യപ്പെട്ടതോടെ നടക്കാതെ പോയി. ഇതിനിടയിലും ബസില്ലെങ്കിലും വാൻ ഫീസ് കൃത്യമായി വാങ്ങുന്നുണ്ട്.
‘മാനദണ്ഡങ്ങൾ ഇവിടെ ബാധകമല്ല’
നഴ്സിങ് കോളജുകളുമായി ബന്ധപ്പെട്ട് ഇന്ത്യൻ നഴ്സിങ് കൗൺസിൽ പുറപ്പെടുവിച്ചിരിക്കുന്ന മാനദണ്ഡങ്ങളൊന്നും ഇവിടെ പാലിച്ചിട്ടില്ല. നഴ്സിങ് കോളജിന് രണ്ടര ഏക്കർ കാമ്പസ് വേണമെന്നാണ് വ്യവസ്ഥ. 23,200 സ്ക്വയർ ഫീറ്റിൽ ബിൽഡപ് ഏരിയ, സയൻസ് ലാബ്, കമ്യൂണിറ്റി ഹെൽത്ത് ന്യൂട്രീഷൻ ലാബ്, ചൈൽഡ് ഹെൽത്ത് ലാബ്, കമ്പ്യൂട്ടർ ലാബ്, കോമൺ റൂം, ലൈബ്രറി, സ്റ്റാഫ് റൂം എന്നിവയും വേണം. 21100 സ്ക്വയർഫീറ്റ് ഹോസ്റ്റൽ സൗകര്യവും ഉറപ്പാക്കണം.
മതിയായ പ്രവൃത്തി പരിചയമുള്ള പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ഒരു പ്രഫസർ, രണ്ട് അസോസിയേറ്റ് പ്രഫസർമാർ, മൂന്ന് അസിസ്റ്റന്റ് പ്രഫസർമാർ, 10 കുട്ടികൾക്ക് ഒരാൾ എന്ന നിരക്കിൽ അധ്യാപകരും വേണമെന്നുമുണ്ട്. എന്നാൽ, മാനദണ്ഡമൊന്നും ഇവിടെ പാലിക്കുന്നില്ല. ഇതാണ് നഴ്സിങ് കൗൺസിൽ അംഗീകാരത്തിനും തടസ്സമാകുന്നത്. പരാതി പറഞ്ഞാൽ ഇന്റേണൽ മാർക്ക് കുറക്കുമെന്ന് പറഞ്ഞ് ഭീഷണികൾ ഉണ്ടാകുന്നതായും വിദ്യാർഥികൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

