പഠനം വഴിമുട്ടി പുതൂർ കടുകുമണ്ണ ആദിവാസി ഊരിലെ അംഗൻവാടി വിദ്യാർഥികൾ
text_fieldsതകർച്ചഭീഷണി നേരിടുന്ന കടുകുമണ്ണയിലെ അംഗൻവാടി കെട്ടിടം
അഗളി: പുതൂർ കടുകുമണ്ണ ആദിവാസി കോളനിയിലെ അംഗൻവാടി കുട്ടികളുടെ പഠനം പ്രതിസന്ധിയിൽ. അംഗൻവാടി കെട്ടിടം ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മുളയിൽ മണ്ണ് തേച്ച് ഉണ്ടാക്കിയിട്ടുള്ള ഷെഡ് നിലവിൽ ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്.
മുൻകാലത്ത് തൊഴിലുറപ്പു പദ്ധതിയിൽ പൂർത്തീകരിച്ച കെട്ടിടമാണ്. 12 വിദ്യാർഥികളാണ് പഠിതാക്കൾ. വാഹന സൗകര്യമില്ലാത്തതിനാൽ ഏക ആശ്രയം ഈ അംഗൻവാടിതന്നെ. കിലോമീറ്ററുകൾ അകലെയുള്ള ചിണ്ടക്കിയിൽനിന്നു വേണം അധ്യാപിക എത്താൻ.
വാഹന സൗകര്യമില്ലാത്തതിനാലും രണ്ട് കിലോമീറ്ററിലധികം വനത്തിലൂടെ നടക്കണമെന്നതിനാലും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമാണ് അംഗൻവാടി തുറക്കുക. അവിടെത്തന്നെയുള്ള ആളെ അധ്യാപികയായി നിയമിക്കണമെന്നാണ് നിലവിലുള്ള അധ്യാപിക പറയുന്നത്.
സോളാറോ വൈദ്യുതിയോ ഇല്ലാത്തതിനാൽ കെട്ടിടത്തിനുള്ളിൽ ഇരുട്ടാണ്. കിലോമീറ്ററുകൾ തലച്ചുമടായി ഭക്ഷണ സാധനങ്ങൾ എത്തിക്കണം. അത് ഊരുവാസികൾതന്നെ മുൻകൈയെടുത്ത് ചെയ്യണം. അതിനാൽ, കുട്ടികൾക്കുള്ള പോഷകാഹാര വിതരണവും അവതാളത്തിലാണ്. പ്രദേശത്തെ മറ്റു ഊരുകളിലെ അംഗൻവാടികളുടെ അവസ്ഥയും ഇത്തരത്തിൽതന്നെയാണന്ന് ആദിവാസികൾ പറയുന്നു.