നിലച്ചിട്ട് 17 വർഷം; മടങ്ങിയെത്തുമോ, ആനന്ദപ്പള്ളി മരമടി
text_fieldsപത്തനംതിട്ട: ആനന്ദപ്പള്ളിയുടെ കാർഷിക ഉത്സവമായിരുന്ന മരമടി നിലച്ചിട്ട് 17 വർഷം പിന്നിടുമ്പോഴും പുനരുജ്ജീവിപ്പിക്കാൻ നടപടിയില്ല. സുപ്രീംകോടതി കോടതി ഇടപെടലിനെത്തുടർന്ന് മരമടിക്കൊപ്പം നിലച്ച തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് അടക്കമുള്ളവ വീണ്ടും ആരംഭിച്ചിട്ടും ആനന്ദപ്പള്ളിയുടെ കാത്തിരിപ്പ് തുടരുന്നു.
തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിയോടെയാണ് 60 വർഷമായി നടന്നുവന്ന പരമ്പരാഗത കാർഷിക ഉത്സവമായ ആനന്ദപ്പള്ളി മരമടിക്കും തിരശ്ശീല വീണത്. ചേറ് നിറഞ്ഞ വയലിൽ കാളക്കൂറ്റന്മാർ നുകം കെട്ടി പായുന്ന കാഴ്ച കാണാൻ കർഷകരും വിദേശസഞ്ചാരികളും ഉൾപ്പെടെ നൂറുകണക്കിനുപേരാണ് എത്തിയിരുന്നത്.
ചിങ്ങക്കൊയ്ത്ത് കഴിഞ്ഞ് ആഗസ്റ്റ് 15നാണ് മരമടി നടത്തിയിരുന്നത്. അടൂർ പുതുവീട്ടിൽ പടി ഏലാ കേന്ദ്രീകരിച്ച് 1950ലാണ് മരമടി ഉത്സവം ആരംഭിച്ചത്. പിന്നീട് അമ്പിയിൽ ഏലായിലേക്ക് എത്തി. അവിടത്തെ സ്ഥലപരിമിതി മൂലം ആനന്ദപ്പള്ളിയിൽ കർഷക സമിതി രൂപവത്കരിച്ച് മരമടി ഏറ്റെടുത്തു. 1986ലാണ് ആനന്ദപ്പള്ളി പാലശ്ശേരി ഏലായിൽ മരമടി ഉത്സവം ആരംഭിച്ചത്. എന്നാൽ, 2008ൽ ആനന്ദപ്പള്ളി മരമടി നിലച്ചു.
ഇതിനിടെ, 2017ൽ കേന്ദ്ര സർക്കാർ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. അന്നുമുതൽ ഉത്സവം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആനന്ദപ്പള്ളി കർഷക സമിതിയും രംഗത്തുണ്ട്. എന്നാൽ, തുടർനടപടിയായിട്ടില്ല. ജെല്ലിക്കെട്ടിന് വേണ്ടി തമിഴ്നാട്ടിൽ ശക്തമായ സമരം നടത്തിയതിന്റെ ഫലമായാണ് കേന്ദ്ര സർക്കാർ 2017ൽ നിയമത്തിൽ ഇളവ് വരുത്തിയത്. അതത് സംസ്ഥാനങ്ങൾക്ക് ബിൽ പാസാക്കി ഇപ്രകാരമുള്ള കാർഷിക ഉത്സവങ്ങൾ നടത്താൻ അനുമതി കൊടുക്കുകയും ചെയ്തു. കേന്ദ്രം ഇളവു നൽകിയപ്പോൾതന്നെ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ അവരുടെ നിയമസഭകളിൽ ബിൽ പാസാക്കി ഉത്സവം ആരംഭിച്ചു. 2017 മുതൽ എല്ലാവർഷവും അതു നടന്നുവരുന്നു. എന്നാൽ, കേരളം ഇതുവരെ നിയമനിർമാണത്തിന് തയാറായില്ലെന്ന് ആനന്ദപ്പള്ളി കർഷക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കർഷക സമിതി പലതവണ സർക്കാറിന് പലതവണ അപേക്ഷ നൽകി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മൂന്നുതവണ വിഷയം നിയമസഭയിൽ അവതരിപ്പിക്കുകയും ചെയ്തു. ചില ഉദ്യോഗസ്ഥർ തടസ്സമായി നിൽക്കുന്നത് കാരണമാണ് ബിൽ പാസാക്കാതിരുക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി. ഗ്രാമീണ ടൂറിസത്തിന്റെ സാധ്യത മുന്നിൽകണ്ട് ഈ കാർഷിക ഉത്സവം തിരികെ കൊണ്ടുവരണമെന്നും ഇതിനായി വരുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ പാസാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
അനേകം മനുഷ്യരുടെ കഠിനാധ്വാനവും അതിലേറെ സാമ്പത്തിക ബാധ്യതകളും വരുത്തുന്നതാണ് മരമടിയെന്നും ഭാരവാഹികൾ പറഞ്ഞു. മരമടിക്ക് മുന്നോടിയായി പാടം ഉഴുത് മറിച്ച് വൃത്തിയാക്കണം. കാഷ് അവാർഡ്, ട്രോഫി, താമസം, സ്റ്റേജ്, ഗതാഗതം, പവിലിയൻ എന്നിങ്ങനെ ലക്ഷങ്ങളാണ് ചെലവാകുക. ലക്ഷണമൊത്ത ഒരുജോടി ഉരുക്കൾക്കു ലക്ഷങ്ങളാണ് ഇപ്പോൾ വില. ഉരുക്കൾക്ക് ചിട്ടയായ ആഹാരത്തിനൊപ്പം ഒരുമാസം മുമ്പ് പ്രത്യേക പരിശീലനവും നൽകി തുടങ്ങണം. മൃഗപീഡനമാണ് ഇവിടെ നടക്കുന്നതെന്നുള്ള വാദം കർഷകർ നിഷേധിക്കുന്നു. ഉരുക്കളുടെ ആരോഗ്യ സംരക്ഷണത്തിനും ഊർജത്തിനും പ്രത്യേക ശ്രദ്ധയാണ് പുലർത്തുന്നത്.
ശരീര നൊമ്പരമുണ്ടാകാതിരിക്കാൻ ഉലുവ വേവിച്ച് കരിപ്പെട്ടിയിൽ കലർത്തിയും നൽകും. മത്സര ദിവസത്തിന്റെ തലേന്ന് ക്ഷീണം ഉണ്ടാകാതിരിക്കാൻ ദശമൂലാരിഷ്ടവും നൽകുമെന്ന് ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് വർഗീസ് ദാനിയേൽ, സെക്രട്ടറി വി.കെ. സ്റ്റാൻലി, ഡോ. പി.സി. യോഹന്നാൻ, നിഖിൽ ഫ്രാൻസിസ്, വി.എസ്. ദാനിയേൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

