ബസിൽ വീണ് പരിക്കേറ്റ വയോധികയെ റോഡിൽ ഇറക്കി ജീവനക്കാർ കടന്നു
text_fieldsഓമന വിജയൻ
പത്തനംതിട്ട: ബസിൽ വീണ് പരിക്കേറ്റ വയോധികയെ ആശുപത്രിക്ക് മുന്നിൽ റോഡിൽ ഇറക്കി വിട്ടശേഷം സ്വകാര്യ ബസ് ജീവനക്കാർ കടന്നു. ചെങ്ങന്നൂർ - പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന മാടപ്പള്ളി ബസ് ജീവനക്കാർക്കെതിരെയാണ് പരാതി. കുമ്പളാംപൊയ്ക കൊച്ചുമുറിയിൽ ഓമന വിജയൻ (71) നോടാണ് ജീവനക്കാരുടെ ക്രൂരത . ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ഇലന്തൂരിന് സമീപത്താണ് സംഭവം.
കോഴഞ്ചേരി സി കേശവൻ സ്ക്വയറിന് സമീപത്തെ സ്റ്റോപ്പിൽനിന്നാണ് ഓമനയും മറ്റൊരു സ്ത്രീയും പത്തനംതിട്ട ബസിൽ കയറിയത്. അമിത വേഗത്തിലായിരുന്ന ബസ് തെക്കേമലയ്ക്കും ഇലന്തൂരിനും ഇടയിൽ ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് ഓമന തെറിച്ചുവീണു. വീഴ്ചയുടെ ആഘാതത്തിൽ ഇടതു കൈക്ക് പരിക്ക് പറ്റിയെങ്കിലും ബസ് നിർത്താൻ പോലും ജീവനക്കാർ തയാറായില്ല. ഒടുവിൽ മറ്റ് യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രി പടിക്കൽ ഓമനയെ ഇറക്കിവിട്ടു.
പരിക്കേറ്റ കൈയുമായി നടന്ന് ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോഴാണ് ഇടത് കൈപ്പത്തിക്ക് താഴെ ഒടിവ് ഉണ്ടായതായി കണ്ടെത്തിയത്. ബസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് എതിരെ ഓമന ആറന്മുള പോലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

