അമൃത് 2.0; ഉയർന്ന പ്രദേശങ്ങളിലെ കുടിവെള്ളപദ്ധതിക്ക് ടെൻഡറായി
text_fieldsപത്തനംതിട്ട: ജില്ല ആസ്ഥാനം പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ നാലാം ഘട്ടത്തിന് ടെൻഡറായി. നഗരത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന പദ്ധതിയാണ് അമൃത്. മുനിസിപ്പാലിറ്റിയിലെ ഉയർന്ന പ്രദേശങ്ങളായ പരുവപ്ലാക്കൽ, പൂവൻപാറ വഞ്ചികപൊയ്ക എന്നിവിടങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി വാട്ടർ ടാങ്കുകളും അനുബന്ധ സൗകര്യവും ഒരുക്കുന്നതിനാണ് നഗരസഭ പദ്ധതി തയ്യാറാക്കിയത്. 8.70 കോടി രൂപയാണ് നാലാം ഘട്ടത്തിനായി അനുവദിച്ചിട്ടുള്ളത്. വാട്ടർ അതോറിറ്റി ക്ഷണിച്ച ടെൻഡർ ഈ മാസം 14ന് തുറക്കും.
ടാങ്ക് നിർമിക്കുന്നതിന് മൂന്നു സ്ഥലങ്ങളിലും സ്ഥലം ലഭ്യമായിട്ടുണ്ടെന്ന് ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ ഈ ഭരണസമിതിയുടെ കാലത്തുതന്നെ ആരംഭിക്കും. നിലവിൽ നിർമാണം പുരോഗമിക്കുന്ന 21 കോടി രൂപയുടെ പദ്ധതിയിൽ രണ്ട് ഘട്ടങ്ങളും പൂർത്തീകരിച്ചുകഴിഞ്ഞു. ഇൻ ടേക്ക് കിണറിന്റെ നവീകരണവും കലക്ഷൻ ചേമ്പർ നിർമാണവും പൂർത്തിയായി. 3.5 കോടി രൂപ വിനിയോഗിച്ച് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും പൂർത്തിയായി.
ദിവസവും ശുദ്ധീകരിക്കുന്നത് 10 ദശലക്ഷം ലിറ്റർ വെള്ളം
ദിവസവും 10 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ കഴിയുന്ന പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. അമൃത് പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ കുടിവെള്ള പ്രശനത്തിന് ശാശ്വത പരിഹാരമാകും. പ്രധാന ജലസ്രോതസ്സായ അച്ഛൻകോവിൽ ആറ്റിൽ ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള ജല ദൗർലഭ്യം കൂടി കണക്കിലെടുത്ത് മണിയാർ ഡാമിൽ നിന്ന് വെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയും നഗരസഭ സംസ്ഥാന സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

