നേട്ടങ്ങൾക്കിടയിൽ തെന്നിവീണ വിമർശനങ്ങളുമായി ആറന്മുളയിലെ മത്സരത്തുഴയൽ
text_fieldsയു.ഡി.എഫ് സ്ഥാനാർഥി അബിൻ വർക്കിയുടെ പത്തനംതിട്ട തെരഞ്ഞെടുപ്പ്
കമ്മിറ്റി ഓഫിസ് ഉദ്ഘാടനവേളയിൽ ദേശീയ നേതാവ് സച്ചിൻ പൈലറ്റിനൊപ്പം
പത്തനംതിട്ട: ‘മറ്റാരുണ്ട് എൽ.ഡി.എഫല്ലാതെ’ എന്ന മുദ്രാവാക്യം പോലെ താൻ ചെയ്ത വികസന നേട്ടങ്ങൾക്കു പകരം എന്തുണ്ട് നിങ്ങൾക്ക് പറയാൻ എന്ന ആത്മവിശ്വാസത്തോടെ കേരളത്തിന്റെ ആരോഗ്യ മന്ത്രി കൂടിയായ വീണാ ജോർജ് ആറന്മുള മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പര്യടനങ്ങളിൽ കളം നിറഞ്ഞാടുമ്പോൾ അവരെ നേരിടാൻ രാഷ്ട്രീയ-സാമുദായിക സമവാക്യങ്ങൾ നോക്കിയാണ് യു.ഡി.എഫ് കട്ടക്ക് നിൽക്കുന്ന അബിൻ വർക്കിയെ ഇനി ‘എല്ലാം വർക്കാക്കാ’നായി കൊണ്ടുവന്നത്.
എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജ് മുഖ്യമന്ത്രിയോടൊപ്പം പ്രചാരണവേളയിൽ
വീണാ ജോർജ് ഒറ്റശ്വാസത്തിൽ മണ്ഡലത്തിലും സംസ്ഥാനത്തും താൻ കൊണ്ടുവന്ന വികസനങ്ങൾ ഒന്നൊന്നായി എണ്ണിപ്പറയും. ജില്ലയിൽ 2100 കോടിയുടെ വികസന പദ്ധതികൾ ആറന്മുളയിൽ നടപ്പാക്കി. 12 ജില്ലകളിലും സർക്കാർ ആശുപത്രികളിൽ കാത്ത് ലാബ് ഉൾപ്പെടെ സംവിധാനങ്ങൾ. പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്പർ സ്പെഷാലിറ്റിയായി. കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ഡയാലിസിസ് ഉൾപ്പെടെ വിവിധ വകുപ്പുകൾ തുടങ്ങി. റാന്നി, കോന്നി, എഴുമറ്റൂർ, മല്ലപ്പള്ളി, തിരുവല്ല തുടങ്ങിയ എല്ലാ ആശുപത്രികൾക്കും പുതിയ കെട്ടിടവും സൗകര്യങ്ങളും. കോന്നി മെഡിക്കൽ കോളജ് ഇടതുസർക്കാർ വരുമ്പോൾ കമ്പികൾ മാത്രമായിരുന്നു. അത് ഇന്ന് നാലാമത്തെ ബാച്ച് പഠിച്ചിറങ്ങി. ഇടുക്കി, വയനാട് മെഡിക്കൽ കോളജുകൾ യാഥാർഥ്യമായി. താൻ നിരാഹാരമിരുന്ന് സമരം നടത്തി നേടിയെടുത്ത സ്റ്റേഡിയം വികസനം 15 കോടിക്ക് യാഥാർഥ്യമാക്കി. എൺപതിലധികം റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിലായി. കാഞ്ഞിരമൂട്ടിക്കടവ് പാലം, മണ്ണാൻകടവ് പാലം, കോഴഞ്ചേരി പാലം, വയറപ്പുഴ പാലം, പുതുക്കുളങ്ങര പാലം എന്നിവ പൂർത്തിയാക്കി. അബാൻ ഫ്ലൈഓവർ കേസിൽ കുടുങ്ങിയെങ്കിലും ഇപ്പോൾ നടപടിയായി. കൂടാതെ നിരവധി സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ. ഇങ്ങനെ സമാനതകളില്ലാത്ത വികസനങ്ങൾ.
എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
കോളജുകൾ വെന്റിലേറ്ററിൽ
ജില്ലയിലെ പല പദ്ധതികളെയും കുറിച്ച് പഠിച്ചാണ് അബിൻ വർക്കി കളത്തിലിറങ്ങിയത്. കോഴഞ്ചേരി പാലം ഉദ്ഘാടനം ചെയ്തെന്ന് പോസ്റ്ററിറക്കിയത് സംസ്ഥാന സർക്കാറാണ്. എന്നാൽ, അത് പാലമല്ല, അപ്രോച്ച് റോഡാണ് ഉദ്ഘാടനം ചെയ്തതെന്ന് പറഞ്ഞത് സി.പി.എമ്മിന്റെ ജില്ല സെക്രട്ടറിയാണ്. ഏതാണ് സത്യമെന്ന് മന്ത്രി തന്നെ പറഞ്ഞാൽ മതിയെന്ന് അബിൻ വർക്കി തിരിച്ചടിക്കുന്നു.
സ്റ്റേഡിയവുമായി ബന്ധപ്പെട്ട് അനുമതി കൊടുക്കരുത് എന്നുപറഞ്ഞ് തനിക്ക് പലരും കത്തെഴുതിയതായി കായിക മന്ത്രി അബ്ദുറഹ്മാൻ പരാതി പറഞ്ഞതായി വീണാ ജോർജ്. എന്നാൽ, 2020 മുതൽ 25 വരെ നഗരസഭ ഭരിച്ചത് ഇടതുപക്ഷമാണ്. അവരായിരിക്കണം പരാതി പറഞ്ഞ് കത്തെഴുതിയതെന്ന് യു.ഡി.എഫ് സ്ഥാനാർഥി വിലയിരുത്തുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുണ്ടായ കാലമാണിത്. മയക്കുമരുന്ന് ഏറ്റവും രൂക്ഷമായ കാലം. പി.എസ്.സിയിൽ ഒന്നാം റാങ്കുണ്ടായിട്ടും ജോലി കിട്ടുന്നില്ല. വിദ്യാർഥികൾ വിദേശത്തേക്ക് കയറിപ്പോകുന്നതു തടയാൻ പദ്ധതിയില്ല.
മെഡിക്കൽ കോളജുകൾക്ക് തീപിടിക്കുമ്പോൾ വെന്റിലേറ്ററുകൾ ഓഫായിപ്പോകുന്നു. കത്രിക വയറ്റിലിട്ട് തുന്നിക്കെട്ടിയിട്ട് 50 കൊല്ലം അവിടെയിരിക്കും എന്നു പറഞ്ഞ ആരോഗ്യവകുപ്പ്, ചികിത്സ പിഴവുകളുടെ ഘോഷയാത്ര, നേരെയാക്കാൻ പോയ കൈ വളയുന്നു. കുട്ടികൾക്ക് കൈ നഷ്ടപ്പെടുന്നു, ആശുപത്രി കെട്ടിടം തകർന്നുവീണ് വീട്ടമ്മക്ക് ജീവൻ നഷ്ടമായതുൾപ്പെടെ നിരവധി സംഭവങ്ങൾ ആരോഗ്യ മേഖലയെ തകർത്തതായി അബിൻ വർക്കി ആരോപിക്കുന്നു. അയ്യപ്പന്റെ സ്വർണം കട്ടെടുത്തവരെ സംരക്ഷിക്കുന്നതായും അദ്ദേഹം ആരോപിക്കുന്നു.
അനക്കമില്ലാത്ത നഗരം
എട്ടുമണി കഴിഞ്ഞാൽ ആളും അനക്കവുമില്ലാത്ത നഗരമാണ് പത്തനംതിട്ടയെന്നും ഇനിയും മാറാത്തതൊക്കെ മാറുമെന്നും എൻ.ഡി.എ പറയുന്നു. ആറന്മുളയിൽ ഒരു കൃഷിയും സർക്കാർ നടപ്പാക്കിയില്ല. ഏക്കർകണക്കിന് പാടങ്ങൾ വെറുതെ കിടക്കുന്നു. പാടങ്ങൾ നികത്താൻ വന്ന തട്ടിപ്പു കമ്പനിയെ അവിടെനിന്ന് ഓടിക്കാൻ സമരം നടത്തിയയാളാണ് കുമ്മനം രാജശേഖരൻ. പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന വികസന പദ്ധതികൾ നടപ്പാക്കുകയാണ് എൻ.ഡി.എ ലക്ഷ്യം വെക്കുന്നതെന്നും കുമ്മനം രാജശേഖരൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

