ആംബുലൻസ് ഇടിച്ച് മാധ്യമ പ്രവർത്തകർക്ക് പരിക്ക്
text_fieldsമല്ലപ്പള്ളി: കോട്ടയം റോഡിൽ താലൂക്ക് ഓഫിസിന് സമീപം ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു. എ.സി.വി റിപ്പോർട്ടർ ആഞ്ഞിലിത്താനം മഞ്ചാമല വീട്ടിൽ എം.സി സിബി (43), വീഷണം ദിനപത്രത്തിെൻറ മുൻ ജില്ല ലേഖകനും മല്ലപ്പള്ളി ഗ്യാലക്സി ചാനൽ ചീഫ് റിപ്പോർട്ടറുമായ നിരണം വൈക്കത്തുശേരിൽ വീട്ടിൽ ജിജു വൈക്കത്തുശേരി (42) എന്നിവർക്കാണ് പരിക്കേറ്റത്.
മോട്ടോർ വാഹന വകുപ്പ് നെടുങ്ങാടപ്പള്ളിയിൽ സംഘടിപ്പിച്ച ട്രാഫിക് ബോധവത്കരണ സെമിനാർ റിപ്പോർട്ട് ചെയ്ത് മടങ്ങുന്ന വഴിയാണ് അപകടത്തിൽപെട്ടത്. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽനിന്നും എഴുമറ്റൂർക്ക് പുറപ്പെട്ട 108 ആംബുലൻസ് കാറിനെ മറികടന്നെത്തി ഇവർ സഞ്ചരിച്ച ബൈക്കിെൻറ പിന്നിൽ ഇടിക്കുകയായിരുന്നു. ദൂരേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ ഇതേ ആംബുലൻസിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രഥമശ്രശൂഷ നൽകിയശേഷം വിദഗ്ധ ചികിത്സക്കായി ജിജുവിനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച ബൈക്കും, രണ്ട് മൂവികാമറകളും പൂർണമായും തകർന്നു. കീഴ്വായ്പ്പൂര് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

