ഓമല്ലൂരിൽ ആംബുലൻസും ബസും ഉൾപ്പെടെ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു
text_fieldsഓമല്ലൂർ കുരിശടി ജങ്ഷനിൽ തിങ്കളാഴ്ച ഉച്ചക്ക് അപകടത്തിൽപെട്ട ആംബുലൻസും കാറുകളും
പത്തനംതിട്ട: ഓമല്ലൂർ കുരിശടി ജങ്ഷനിൽ രോഗിയെ കൊണ്ടുവരാൻ പോയ ആംബുലൻസും സ്വകാര്യബസും ഉൾപ്പെടെ നാല് വാഹനങ്ങളുടെ കൂട്ടിയിടിയിൽ ഒരു കാർ പൂർണമായും തകർന്നു. മലയാലപ്പുഴ വാസന്തിമഠത്തിലെ വിവാദ മന്ത്രവാദിനി ശോഭന (42), ഭർത്താവ് ഉണ്ണികൃഷ്ണൻ (42) എന്നിവരടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഇരുറോഡിലും ഗതാഗത തടസ്സം നേരിട്ടു.
പരിക്കേറ്റ മറ്റുള്ളവർ: ഉളനാട് സ്വദേശികളായ കുറ്റിപ്പാല നിൽക്കുന്നതിൽ ഹരികുമാർ (53), സഹോദരങ്ങളായ രവീന്ദ്രൻ (56), മധു (50). ഇവർ സഞ്ചരിച്ച കാറാണ് തകർന്നത്. തിങ്കളാഴ്ച ഉച്ചക്ക് 1.15നാണ് സംഭവം. പത്തനംതിട്ടയിൽനിന്ന് കുളനട മെഡിക്കൽ ട്രസ്റ്റിലേക്ക് രോഗിയെ കൊണ്ടുവരാൻ പോയ സേവാഭാരതിയുടെ ആംബുലൻസ്, പത്തനംതിട്ടയിൽനിന്ന് ഉളനാട് ഭാഗത്തേക്ക് പോയ കാർ, എതിരെവന്ന കാർ, പത്തനംതിട്ട അമ്പലക്കടവ് കുളനട വഴി പന്തളത്തിന് സർവിസ് നടത്തുന്ന സ്വകാര്യബസ് എന്നീ വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.
പത്തനംതിട്ടയിൽനിന്ന് വന്ന ആംബുലൻസും കാറും ഒരേസമയം കുരിശടി ജങ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞതാണ് അപകടത്തിന് കാരണമായത്. കാർ ഒതുക്കി എന്ന് വിചാരിച്ചാണ് അമിതവേഗത്തിൽ ആംബുലൻസ് ഡ്രൈവർ വാഹനം വലത്തേക്ക് തിരിച്ചത്. ഇതേസമയം, തന്നെ മാരുതി കാറും വലത്തേക്ക് തിരിഞ്ഞു. തുടർന്ന് ആംബുലൻസ്, മാരുതി കാർ ഇടിച്ചുതെറിപ്പിച്ചു.
എതിരെ വന്ന കാറിലേക്കാണ് മാരുതി കാർ ചെന്നിടിച്ചത്. നിയന്ത്രണം വിട്ട കാർ കുരിശടി സ്റ്റോപ്പിൽ നിർത്തി ആളുകയറുകയായിരുന്ന നിവേദ് എന്ന സ്വകാര്യബസിന് പിന്നിൽ ഇടിച്ചുനിന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ ടാങ്ക് പൊട്ടി ഡീസൽ റോഡിലേക്ക് ഒഴുകി. കാറിന് മുന്നിലെ രണ്ട് എയർ ബാഗുകളും വിടർന്നതിനാൽ യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. ഈ വാഹനത്തിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ആംബുലൻസിന്റെ ടാങ്കിൽനിന്ന് ചോർന്ന ഡീസൽ അഗ്നിരക്ഷാസേന എത്തി സോപ്പു പൊടി ഉപയോഗിച്ച് കഴുകി. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും മാറ്റി. പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് റോഡിൽനിന്ന് വാഹനങ്ങൾ മാറ്റിയത്. സംഭവത്തെ തുടർന്ന് പത്തനംതിട്ട-പന്തളം, അടൂർ, പത്തനംതിട്ട- ഇലവുംതിട്ട റോഡിലും ഒരു മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

