
മദ്യപസംഘം കാർ തടഞ്ഞുനിർത്തി യുവാക്കളെ മർദിച്ചു; മൂന്നുപേർ പിടിയിൽ
text_fieldsപത്തനംതിട്ട: മദ്യപസംഘം കാർ തടഞ്ഞുനിർത്തി യുവാക്കളെ ക്രൂരമായി മർദിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ വെട്ടിപ്പുറത്ത് ഹോമിയോ ആശുപത്രി ജങ്ഷനിലാണ് സംഭവം. ഇലന്തൂർ തെക്കേക്കര ശ്രീഭവനത്തിൽ ശ്രീകുമാർ (31), സുഹൃത്ത് ഇലന്തൂർ കച്ചകെട്ടി മേൽമുറിയിൽ രാഗേഷ് (29) എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാഗേഷിെൻറ ബന്ധുവിന് രക്തം നൽകാൻ വീട്ടിൽനിന്ന് കാറിൽ പൂക്കോട് വഴി വരുമ്പോഴാണ് വെട്ടിപ്പുറത്ത് െവച്ച് പിന്നാലെ കാറിൽ വന്ന അഞ്ചംഗസംഘം തടഞ്ഞുനിർത്തി മർദിച്ചതെന്ന് ശ്രീകുമാറും രാജേഷും പറഞ്ഞു. നാട്ടുകാർ ഒാടിക്കൂടിയപ്പോഴാണ് മർദനം അവസാനിപ്പിച്ചത്. കാറിനും നാശം വരുത്തി.
അക്രമിസംഘം അമിതമായി മദ്യപിച്ചിരുന്നതായി പറയുന്നു. ഇവർ കാറിലിരുന്ന് മദ്യപിക്കുന്നത് കണ്ടതാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. അക്രമിസംഘം സഞ്ചരിച്ച കാർ ഓവർടേക്ക് ചെയ്ത് മുന്നിൽ കൊണ്ടുവന്ന് മർദനമേറ്റവരുടെ കാറിൽ ഇടിച്ചുനിർത്തുകയായിരുന്നു.
സംഘർഷം കണ്ട് നാട്ടുകാർ പൊലീസിൽ അറിയിച്ചു. പൊലീസിനെ കണ്ട് രണ്ടുപേർ കടന്നുകളഞ്ഞു. കണ്ണങ്കര സ്വദേശികളായ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തതായി പത്തനംതിട്ട പൊലീസ് അറിയിച്ചു.
