എല്ലാം കണ്ട് എ ഐ! മാലിന്യം വലിച്ചെറിഞ്ഞാൽ കുടുങ്ങും
text_fieldsപത്തനംതിട്ട: സംസ്ഥാനത്ത് ആദ്യമായി മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിന് എ.ഐ (നിർമിത ബുദ്ധി) ക്യാമറ നിരീക്ഷണം ഏർപ്പെടുത്തി പത്തനംതിട്ട നഗരസഭ. മാലിന്യവുമായി എത്തുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾക്കൊപ്പം നമ്പർ കൂടി വ്യക്തമായി പകർത്തുന്ന ഓട്ടോമാറ്റിക് നമ്പർ ഡിറ്റക്ഷൻ സംവിധാനമുള്ള അത്യാധുനിക നിരീക്ഷണ സംവിധാനമാണ് നഗരത്തിൽ സ്ഥാപിച്ചത്.
ഒപ്പം മോഷൻ ഡിറ്റക്ഷനും സാധ്യമാണ്. രാത്രി സമയത്തും 100 മീറ്ററോളം ദൂരത്തുള്ള ദൃശ്യങ്ങൾ വരെ വ്യക്തതയോടെ പകർത്താൻ എ. ഐ ക്യാമറക്ക് കഴിയും. ലോഹനിർമ്മിത ബോഡി, മോട്ടോറൈസ്ഡ് ലെൻസ് എന്നിവയോട് കൂടിയ വാട്ടർപ്രൂഫ് ഐപി67 ക്യാമറകളാണ് നഗരത്തിൽ സ്ഥാപിച്ചത്. ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാവുന്ന പോർട്ടബിൾ ക്യാമറകളും കൂട്ടത്തിലുണ്ട്.
മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് നഗരത്തിന്റെ വിവിധ ഇടങ്ങൾ ക്യാമറ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്തം എന്ന ആപ്തവാക്യം അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. നഗരസഭാ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
നഗര സഭയിലെ വീടുകളിൽ ബിൻ, റിംഗ് കമ്പോസ്റ്റ് സംവിധാനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ്, മിനി സിവിൽ സ്റ്റേഷൻ, ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം എന്നിവിടങ്ങളിൽ പോർട്ടബിൾ ബയോ ബിന്നുകൾ സ്ഥാപിച്ച് ജൈവവളം ഉൽപാദിപ്പിക്കുന്നു. ഇത് പാം ബയോഗ്രീൻ മാന്വർ എന്ന സ്വന്തം ബ്രാൻഡിൽ വിപണിയിൽ ഇറക്കുകയും ചെയ്തു. നഗര ഹൃദയത്തിലും ഉപ നഗരമായ കുമ്പഴയിലും പാതയോരങ്ങളിൽ പൂച്ചെടികൾ സ്ഥാപിച്ചിട്ടുണ്ട്.
ബസ് സ്റ്റാൻഡിനുള്ളിലും ഒഴിഞ്ഞുകിടന്ന സ്ഥലങ്ങൾ പൂന്തോട്ടം ആയതോടെ വൃത്തിഹീനമാകുന്ന സാഹചര്യവും ഒഴിവായെന്ന് ചെയർമാൻ പറഞ്ഞു. വാർഡ് കൗൺസിലർ എസ്. ഷമീർ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ജെറി അലക്സ്, കൗൺസിലർ ആർ. സാബു, തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

