എ.ഐ കാമറ: പത്തനംതിട്ട ജില്ലയിൽ കൺട്രോൾ റൂം തുറന്നില്ല
text_fieldsപത്തനംതിട്ട: നിരത്തുകളിലെ നിയമ ലംഘനം കണ്ടെത്താൻ ജില്ലയിൽ 44 നിർമിത ബുദ്ധി കാമറകൾ (എ.ഐ കാമറ) സ്ഥാപിച്ചെങ്കിലും കൺട്രോൾ റൂം തുറക്കാനായില്ല. ഇതോടെ നിലവിൽ ജില്ലയിലെ എ.ഐ കാമറകൾ പരിശോധിക്കാൻ സംവിധാനമായിട്ടില്ല. കാമറയിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് മേയ് 20 മുതൽ മാത്രമേ പിഴയീടാക്കൂവെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചിട്ടുണ്ട്.
അതുവരെ ബോധവത്കരണമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കൺട്രോൾ റൂമുകളടക്കം ക്രമീകരിക്കാത്തതിനാൽ ബോധവത്കരണം ആരംഭിച്ചിട്ടില്ല. കോഴഞ്ചേരി ഭാഗത്തെ കാമറയൊഴികെ മറ്റ് 43 കാമറകളും പ്രവർത്തിക്കുന്നുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്. കൺട്രോൾ റൂമോ പ്രത്യേക ഉദ്യോഗസ്ഥരോ ഇല്ലാത്തതിനാൽ ഒരാഴ്ചക്കിടെ കാമറകളിൽ പതിഞ്ഞ കേസുകളുടെ കണക്ക് പരിശോധിച്ചിട്ടില്ല. 4 ജി കണക്ടിവിറ്റിയുള്ള സിം കാർഡുകൾ ഉപയോഗിച്ചാണ് കാമറകൾ വിവരകൈമാറ്റം നടത്തുന്നത്.
കൺട്രോൾ റൂം ആസ്ഥാനം തിരുവല്ലയിൽ
ജില്ലയിലെ കാമറകളുടെ കൺട്രോൾ റൂം തിരുവല്ല ആയിരിക്കുമെന്നായിരുന്നു തീരുമാനം. എന്നാൽ, ഓഫിസ് ക്രമീകരണമോ ജീവനക്കാരോ ആയിട്ടില്ല. എ.ഐ കാമറയിൽനിന്നുള്ള ചിത്രങ്ങൾ വിശകലനം ചെയ്തു മാത്രമേ നിയമലംഘനമാണോയെന്നു തീരുമാനിക്കുകയുള്ളൂ. ഇരുകൈകളും സ്റ്റിയറിങ്ങിൽ ഇല്ലാത്തവ ഉൾപ്പെടെ കാമറ നിയമലംഘനമായി കണ്ടെത്തും. എന്നാൽ, ഒരു കൈ ഉപയോഗിച്ച് മൊബൈൽ ഫോൺ പ്രവർത്തിപ്പിക്കുകയോ മറ്റോ ആയിരുന്നുവോ എന്നത് പരിശോധിക്കപ്പെടണം. ഇതിനുശേഷമേ നിയമലംഘനമായി കണക്കാക്കൂ.
ഇതിനാവശ്യമായ സാങ്കേതിക സംവിധാനവും ജീവനക്കാരും പൂർണതോതിൽ സജ്ജമായാൽ മാത്രമേ കൺട്രോൾ റൂം പ്രവർത്തിച്ചുതുടങ്ങൂവെന്ന് അധികൃതർ പറഞ്ഞു. പിഴ ഇല്ലെങ്കിലും മേയ് 20വരെ നിയമലംഘനങ്ങൾ കണ്ടെത്തി ബന്ധപ്പെട്ടവരെ അറിയിച്ച് ബോധവത്കരിക്കാനായിരുന്നു തീരുമാനം. എന്നാൽ, പത്തനംതിട്ടയിൽ ഇതിനാവശ്യമായ സംവിധാനമില്ലെന്നാണ് അധികൃതർ പറയുന്നത്.
കാമറ പരിശോധിക്കും
ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, മൊബൈൽ ഫോണിൽ സംസാരിച്ചു വാഹനം ഓടിക്കൽ, ട്രാഫിക് സിഗ്നലുകൾ ലംഘിക്കുന്നത്, വാഹനങ്ങളിൽ എക്സ്ട്ര ഫിറ്റിങ്സ് നടത്തിയത്, നോ പാർക്കിങ് മേഖലകളിൽ വാഹനം പാർക്ക് ചെയ്തത്, അപകടകരമായ ഡ്രൈവിങ്, റോഡുകളിലെ സുരക്ഷ ലൈനുകൾ മറികടക്കുന്നത്, ഇരുചക്രവാഹനങ്ങളിൽ രണ്ടിലേറെ പേരുടെ യാത്ര എന്നിവയാണ് നിലവിൽ കാമറകളുടെ നിരീക്ഷണത്തിൽ വരുന്നത്.
അതീവ സുരക്ഷാ നമ്പർപ്ലേറ്റുകൾ കർശനം ആകുന്നതോടെ ഇൻഷുറൻസ്, പുക പരിശോധന സർട്ടിഫിക്കറ്റുകൾ, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ എന്നിവക്ക് പിഴ ഈടാക്കും. എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ ഓഫിസിൽനിന്നാണ് നിയമലംഘനം സംബന്ധിച്ച നോട്ടീസ് തപാലിൽ അയക്കുന്നത്. അതിനുമുമ്പേ ഉടമയുടെ മൊബൈൽഫോണിലേക്ക് സന്ദേശം എത്തിയിരിക്കും. പിഴ 30 ദിവസത്തിനകം അടച്ചില്ലെങ്കിൽ കേസ് കോടതിയിലേക്ക് മാറും. അപ്പോൾ പിഴത്തുക ഇരട്ടിയായി നൽകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

