പ്രളയബാധിത മേഖലകളും നശിച്ച കൃഷിപ്പാടങ്ങളും സന്ദർശിച്ച് കൃഷിമന്ത്രി
text_fieldsമന്ത്രി ടി. സിദ്ദീഖ് തിരുവല്ലയിൽ കൃഷിനാശമുണ്ടായ മേഖലകൾ സന്ദർശിച്ച് കർഷകരുമായി സംസാരിക്കുന്നു
പത്തനംതിട്ട: കനത്ത മഴയിലും പ്രളയത്തിലും ഗുരുതര കൃഷിനാശം സംഭവിച്ച അപ്പർകുട്ടനാട്മേഖലയിലെ വിവിധ പ്രദേശങ്ങൾ കൃഷിമന്ത്രി ടി. സിദ്ദീഖ് സന്ദർശിച്ചു. പ്രളയബാധിത കൃഷിയിടങ്ങളിലെ സ്ഥിതിഗതികൾ നേരിൽ വിലയിരുത്തിയ മന്ത്രി, കർഷകർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുകയും കാർഷിക പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.
കുറ്റൂർ, നിരണം, നെടുമ്പ്രം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലെയും തിരുവല്ല നഗരസഭാ പ്രദേശങ്ങളിലെയും പ്രളയബാധിത കൃഷിയിടങ്ങൾ മന്ത്രി സന്ദർശിച്ചു. വെള്ളക്കെട്ട് മൂലം നശിച്ച കൃഷിയിടങ്ങൾ, വിവിധ വിളകൾക്കുണ്ടായ നഷ്ടം, കാർഷിക അടിസ്ഥാന സൗകര്യങ്ങൾക്ക് സംഭവിച്ച കേടുപാടുകൾ എന്നിവ മന്ത്രി കണ്ട് വിലയിരുത്തി. നെടുമ്പ്രം പഞ്ചായത്തിലെ കല്ലുങ്കൽ ഒട്ടത്തിൽ വീട്ടിൽ സി. അമ്പിളിയുടെ കൃഷിയിടവും മന്ത്രി സന്ദർശിച്ചു. ഈ വർഷം കൃഷി ചെയ്തിരുന്ന 500 വാഴകൾ പ്രളയത്തിൽ നശിച്ചതായി അമ്പിളി മന്ത്രിയെ അറിയിച്ചു. വിളയ്ക്ക് ഇൻഷുറൻസ് എടുത്തിരുന്നതായും അവർ വ്യക്തമാക്കി. കൃഷിനാശത്തിന്റെ വ്യാപ്തിയും തുടർസഹായങ്ങളും സംബന്ധിച്ച് മന്ത്രി നേരിട്ട് വിവരങ്ങൾ ശേഖരിച്ചു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടന്ന കർഷക അവലോകനയോഗത്തിൽ പ്രളയബാധിത മേഖലകളിലെ കർഷകർ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ആവശ്യങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൃഷിനാശം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി, പുനർകൃഷിക്കുള്ള സഹായം, കൃഷിയിടങ്ങളിലെ ചെളിയും എക്കലും നീക്കം ചെയ്യൽ, വിത്ത്-തൈ വിതരണം, നഷ്ടപരിഹാരം വേഗത്തിലാക്കൽ തുടങ്ങിയ ആവശ്യങ്ങൾ കർഷകർ ഉന്നയിച്ചു. കർഷകരെ പ്രതിനിധീകരിച്ച് ഡോ. രഘുനാഥൻ നായർ, പ്രമോദ് രാമചന്ദ്രൻ, അജോയ് കെ, അലക്സ് കുര്യൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

