രമാദേവിക്ക് വീട് നഷ്ടപ്പെട്ടാൽ ആരാകും ഉത്തരവാദി...?
text_fieldsപോക്കുവരവ് ചെയ്തുകിട്ടാത്ത സ്വന്തം വസ്തുവില്‍ രമാദേവി
അടൂര്‍: ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പൂതങ്കര വെട്ടിപ്പുറത്ത് രമാദേവിയുടെ ദുരിതപര്‍വം തുടങ്ങിയിട്ട് രണ്ടുവര്‍ഷമാകുന്നു. ആറര സെൻറ് ഭൂമി സ്വന്തമായിട്ടും വീടുവെക്കാന്‍ കഴിയാതെ ഉഴലുകയാണവർ. ഭർത്താവ് കൃഷ്ണപിള്ള ഹൃദ്രോഗിയാണ്.
സ്ഥലം പോക്കുവരവ് ചെയ്ത് കിട്ടാത്തതിനാല്‍ രമാദേവിക്ക് ലൈഫ് മിഷനില്‍ അനുവദിച്ച വീട് നഷ്ടമാകാൻ സാധ്യതയുണ്ട്. രമാദേവിയുടെ പിതാവ് ഗോപാലന് നായരില്‍നിന്ന് ലഭിച്ച വസ്തു പോക്കുവരവിന് ഏനാദിമംഗലം വില്ലേജ് ഓഫിസറെ സമീപിച്ചപ്പോള്‍ അടൂര്‍ താലൂക്ക് ഓഫിസില്‍ അപേക്ഷ നല്കാന് നിർദേശിച്ചു. താലൂക്ക് ഹെഡ് സർവേയര്‍ 2020 ജനുവരി 31നും 2020 ഫെബ്രുവരി 21നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സര്‍വേ ഉദ്യോഗസ്ഥരുടെ നിര്‍േദശ പ്രകാരം അതിരുകള്‍ തിരിച്ച് കല്ലിട്ട് തര്‍ക്കമില്ലാത്ത ഭൂമിയാണെന്ന് അറിയിച്ചു. 2021 ജനുവരി അഞ്ചിന് 'മാധ്യമം' വാര്‍ത്തയെത്തുടര്‍ന്ന് റവന്യൂ അധികൃതര്‍ അനന്തര നടപടികള്‍ക്ക് നല്‍കിയെന്ന് പറഞ്ഞെങ്കിലും ഇതുവരെയും പരിഹാരമായില്ല.
റീസര്‍വേ മാപ്പില്‍ ഇവിടെ ഭൂമി ഇല്ലെന്നാണ് പറയുന്നത്. ബ്ലോക്ക് 25 റീസര്‍വേ 202/37ലെ ഈ വസ്തുവിന് 1978 വരെ ഗോപാലന് നായര്‍ കരം അടച്ചിട്ടുണ്ട്.
രമാദേവിയുടെ പത്തുസെൻറ് സ്ഥലവും വീടും മകളുടെ വിവാഹത്തിന് കടബാധ്യത തീര്‍ക്കാന്‍ വിറ്റിരുന്നു. സമീപം സഹോദരെൻറ വീട്ടിലാണ് രമാദേവിയും (53) ഭര്‍ത്താവ് കൃഷ്ണപിള്ളയും (58) താമസിക്കുന്നത്. രമാദേവി തൊഴിലുറപ്പിനു പോയാണ് വീട് പുലര്‍ത്തുന്നത്. മകന് കാര്യമായ ജോലിയൊന്നും കിട്ടിയിട്ടില്ല.

