മയക്കുമരുന്നു കേസിലെ പ്രതിയെ കരുതൽ തടങ്കലിലടച്ചു
text_fieldsഷാനവാസ്
അടൂർ: മയക്കുമരുന്നു കടത്തുകാരെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള, അനധികൃത കടത്തുതടയൽ നിയമം 1988 (പി.ഐ.ടി.എൻ.ഡി.പി.എസ്) പ്രകാരം ജില്ലയിലെ ആദ്യ കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കി. നിരവധി കഞ്ചാവ് കേസിൽ പ്രതിയായ അടൂർ പള്ളിക്കൽ പഴകുളം പടിഞ്ഞാറ് ഭവദാസൻമുക്ക് തടത്തിൽ കിഴക്കേതിൽ വീട്ടിൽ ഷാനവാസാണ് (29) കരുതൽ തടങ്കലിലടക്കപ്പെട്ടത്. മൂന്ന് കഞ്ചാവ് കേസിൽ പ്രതിയായ ഇയാൾക്കെതിരെ ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ സമർപ്പിച്ച റിപ്പോർട്ട്,
സർക്കാർ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കരുതൽ തടങ്കലിൽ അടക്കാൻ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കിയ തീയതി മുതൽ ഒരു വർഷത്തേക്കാണ് തടങ്കൽ കാലാവധി. 2021 നവംബർ ഒന്നിന് 8.130 കിലോ കഞ്ചാവ് പിടിച്ചതിന് ഏനാത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇയാളെ അടൂർ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ് ബുധനാഴ്ച ജയിലിലെത്തി അറസ്റ്റ് ചെയ്തു.
തുടർന്ന് അവിടെ കരുതൽ തടങ്കൽ വിഭാഗത്തിലേക്ക് മാറ്റി. നിലവിൽ അടൂർ സ്റ്റേഷനിലെ രണ്ട് കഞ്ചാവ് കേസിലും ഏനാത്ത് സ്റ്റേഷനിലെ ഒരു കഞ്ചാവ് കേസിലും പ്രതിയായി വിചാരണ നേരിടുകയാണ് പ്രതി.
കൂടാതെ അടൂർ സ്റ്റേഷനിൽ അടിപിടി, മണ്ണ് കടത്ത് തുടങ്ങി ഏഴോളം കേസും ഇയാൾക്കെതിരെയുണ്ട്. ജില്ലയിൽ രണ്ടിൽ കൂടുതൽ മയക്കുമരുന്ന് കേസിൽ പ്രതികളായവർക്കെതിരെ കരുതൽ തടങ്കൽ നടപടിയെടുക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ചുവരുകയാണെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

