യുവതിയെ ആക്രമിച്ച കേസ്; കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsഅടൂർ: യുവതിയെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിക്കുകയും മർദിക്കുകയും ചെയ്ത കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
പുതുശ്ശേരിഭാഗം ഹരീഷ് ഭവനിൽ ഹരീഷ് (37) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ യുവാവിനെ പൊലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ച 2.30ന് ഏഴംകുളം കുതിരമുക്ക് ഭാഗത്തുനിന്നാണ് ഏനാത്ത് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
പുലർച്ച 4.30 ഓടെ വൈദ്യ പരിശോധനക്കായി പൊലീസ് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രക്തസമ്മർദം കൂടുതലായതിനാൽ അരമണിക്കൂർ നിരീക്ഷണത്തിൽ കിടത്തി. തുടർന്ന് പൊലീസ് ഇയാളെ ഏനാത്ത് സ്റ്റേഷനിലെത്തിച്ചു.
കുറച്ചു സമയത്തിനു ശേഷം ഹരീഷ് ഛർദിക്കാൻ തുടങ്ങിയതോടെ പൊലീസ് വീണ്ടും ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിഷം കഴിച്ചതായി ഇയാൾ ഡോക്ടറോട് പറഞ്ഞത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച വിഷം ആദ്യം ആശുപത്രിയിൽ എത്തിച്ചപ്പോൾ നിരീക്ഷണമുറിയിലെ കൈ കഴുകുന്ന ഭാഗത്തുവെച്ച് കഴിച്ചുവെന്നാണ് ഹരീഷ് പറയുന്നതെന്നാണ് പൊലീസ് പറയുന്നത്. നവംബർ 15നാണ് സ്ത്രീയെ വെട്ടുകയും മർദിക്കുകയും ചെയ്ത സംഭവമുണ്ടായത്.

