തെരുവുനായ് ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
text_fieldsrepresentational image
അടൂർ: പള്ളിക്കൽ കള്ളപ്പൻചിറയിൽ തെരുവുനായ് ആക്രമണത്തിൽ മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. തെറ്റിക്കുഴി കിഴക്കേതിൽ അമീൻ ഹുസൈൻ (3), മേലേതിൽ ഖദീജ ബീവി (55), കാഞ്ഞിക്കലയ്യത്ത് നാരായണൻ നായർ (80), ആതിരാലയത്തിൽ ജ്യോതി (48), ശ്രീനിലയത്തിൽ രാധമ്മ (58), ശ്രീവത്സത്തിൽ വത്സല അമ്മ (65), ഭാരതി (65), സുബി (35) എന്നിവരെയാണ് തെരുവുനായ് കടിച്ചത്.
ഞായറാഴ്ച രാവിലെ 10.30നാണ് സംഭവം. മൂന്നു വയസ്സുകാരൻ അമീൻ ഹുസൈൻ വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്. കുട്ടിയുടെ നിലവിളികേട്ട് വീട്ടിലെ മുതിർന്നവർ എത്തിയതോടെ നായ് ഓടിപ്പോയി. പിന്നീട് കുട്ടിയുടെ ഉടുപ്പ് ഊരിയപ്പോഴാണ് തോളിൽ ആഴത്തിലുള്ള മുറിവ് കണ്ടത്. ഭാരതിയുടെ മുതുകിനും സുബിയുടെ വലതുകൈയിന്റെ മുട്ടിന് മുകളിലും ആഴത്തിലുള്ള മുറിവേറ്റു. മറ്റുള്ളവർക്കെല്ലാം കാലിനും കൈക്കുമാണ് പരിക്ക്. പരിക്കേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

