നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsഅടൂർ: നിരോധിത പുകയില ഉൽപന്നങ്ങളുമായി മൂന്നുപേർ അറസ്റ്റിൽ. അടൂർ മണക്കാല സർവോദയം ജങ്ഷനിലെ കടയിൽനിന്നും വീട്ടിൽ നിന്നുമാണ് 717 പാക്കറ്റ് പിടികൂടിയത്. മണക്കാല തൂവയൂർ നോർത്ത് ചാങ്ങീലെത്ത് വീട്ടിൽ ബിജു (48), ഉഷാകുമാരി (50), ഉഷാകുമാരിയുടെ മകൾ അഞ്ജന (23) എന്നിവരെയാണ് ഡാൻസാഫ് സംഘവും അടൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
കടയിലും രണ്ടും മൂന്നും പ്രതികൾ താമസിക്കുന്ന വീട്ടിലും വിൽപനക്കായി സംഭരിച്ച ഗണേഷ്, കൂൾ, ഹാൻസ് ഇനങ്ങളിൽപ്പെട്ട ഉൽപന്നങ്ങളണ് കണ്ടെത്തിയത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി കെ.എ. വിദ്യാധരന് കൈമാറിയതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് അടൂർ പൊലീസുമായി ചേർന്ന് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്.

