കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലാക്കി ജീവനക്കാർ
text_fieldsഅടൂർ: യാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരിയെ ആശുപത്രിയിലാക്കി ജീവനക്കാർ. ചാരുംമൂട് പിടവൂർ പുത്തൻവീട്ടിൽ തങ്കമണി അമ്മയെയാണ് (65) ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസിൽ തന്നെ അടൂർ ഹോളിക്രോസ് ആശുപത്രിയിലാക്കിയത്. കെ.എസ്.ആർ.ടി.സി പുനലൂർ ഡിപ്പോയിലെ കണ്ടക്ടർ എസ്. ശ്രീലത, ഡ്രൈവർ വി. ഷൈജു എന്നിവരാണ് തങ്കമണിയമ്മയെ ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ 9.45നാണ് സംഭവം.
കായംകുളത്തുനിന്ന് പുനലൂരിലേക്കുപോയ കെ.എസ്.ആർ.ടി.സി ബസിൽ ചാരുംമൂട്ടിൽനിന്നാണ് തങ്കമണിയമ്മ കയറിയത്. പത്തനാപുരത്തേക്കാണ് ടിക്കറ്റെടുത്തത്. തുടർന്ന് അടൂർ ഹൈസ്കൂൾ ജങ്ഷനിൽ എത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻതന്നെ ഡ്രൈവർ വി. ഷൈജു സമീപത്തുതന്നെയുള്ള അടൂർ ഹോളീക്രോസ് ആശുപത്രിയിലേക്ക് ബസിൽതന്നെ എത്തിക്കുകയായിരുന്നു. തുടർന്ന് പ്രാഥമിക ചികിത്സക്കുശേഷം സ്ഥിരംചികിത്സക്ക് വിധേയയായിക്കൊണ്ടിരിക്കുന്ന പന്തളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് തങ്കമണിയമ്മയെ മാറ്റി.

