മണ്ഡലകാലം തുടങ്ങാൻ രണ്ടു ദിനം മാത്രം; ഏനാത്ത് ഇടത്താവളം ശോച്യാവസ്ഥയിൽ
text_fields1. ഏനാത്ത് ഇടത്താവളത്തിലെ ശൗചാലയം. 2. ശൗചാലയത്തിലേക്കുള്ള വഴി കാടുകയറിയ നിലയിൽ
അടൂർ: മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴും ഏനാത്ത് ഇടത്താവളത്തിലെ ശൗചാലയവും അനുബന്ധ സംവിധാനവും ശോച്യാവസ്ഥയിൽ തന്നെ. എം.സി. റോഡിലെ ഏറ്റവും പ്രധാന ഇടത്താവളങ്ങളിൽ ഒന്നാണ് ഏനാത്ത് ഇടത്താവളം. എന്നാൽ, ഇതു നന്നാക്കി വേണ്ടവിധം പരിപാലിക്കാൻ സമയമുണ്ടായിട്ടും ഒരു നടപടിയും അധികൃതർ എടുത്തില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇത്തവണയും മണ്ഡലകാലം വന്നപ്പോഴും ഇടത്താവളം മോശമായ അവസ്ഥയിലാണ്.
ശൗചാലയത്തിലേക്ക് പോകുന്ന ഭാഗം മുഴുവൻ കാടുകയറി പായൽ പിടിച്ചു കിടക്കുകയാണ്. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2011 ലാണ് ഏനാത്ത് ക്ഷേത്രത്തിലെ കുളത്തിന് സമീപത്തായി ശൗചാലയ കെട്ടിടം നിര്മിച്ചത്. ഇവിടം ഇപ്പോൾ ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറി. ഒരിക്കൽ മണ്ഡലകാലം ആരംഭിച്ച് പകുതിയായപ്പോൾ ദേവസ്വം അധികൃതർ പേരിനുമാത്രം കെട്ടിടത്തിന്റെ ചുറ്റുമുള്ള കാട് വെട്ടിത്തെളിച്ചിരുന്നു. പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ വീണ്ടും പഴയപടിയായി. തുടർന്ന് ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരാണ് ശൗചാലയത്തിന് ചുറ്റും വൃത്തിയാക്കിയത്. അയ്യപ്പൻമാരുടെ ആവശ്യങ്ങൾ പരിഗണിച്ച് ചെയ്യേണ്ട പ്രവർത്തനങ്ങൾ ഒന്നു തന്നെ മണ്ഡലകാലത്ത് നടക്കാറില്ല. ജില്ല പഞ്ചായത്ത് ഈ ഇടത്താവളത്തിന് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന ആക്ഷേപം മുമ്പുതന്നെ ഭക്തർക്കിടയിലുണ്ട്. തമിഴ്നാട് - തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്ന അയ്യപ്പൻമാർക്ക് കൊട്ടാരക്കര കഴിഞ്ഞാൽ പിന്നെ കൈപ്പട്ടൂർ -പത്തനംതിട്ട റോഡിലെ ഉഴുവത്ത്, ഓമല്ലൂർ ക്ഷേത്രങ്ങളിൽ മാത്രമാണ് ഇപ്പോൾ ഇടത്താവളമുള്ളത്. വർഷങ്ങളായി ഏനാത്ത് ഇടത്താവളത്തിനോട് അധികൃതർ അനാസ്ഥ കാട്ടുകയാണ്.
അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ അനാസ്ഥ -കോൺഗ്രസ്
പത്തനംതിട്ട: ശബരിമല തീർഥാടനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും സുഖദർശനവും ഉറപ്പാക്കുന്നതിലും തികഞ്ഞ അനാസ്ഥയാണ് സർക്കാറും തിരുതാംകൂർ ദേവസ്വം ബോർഡും കാണിച്ചിരിക്കുന്നതെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, വൈസ് പ്രസിഡന്റ് അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് എന്നിവർ ആരോപിച്ചു.
പ്രഖ്യാപനങ്ങളിലും പ്രസ്താവനങ്ങളിലും മാത്രം ഒതുങ്ങിയ തീർഥാടനകാലമാണ് ആരംഭിക്കാൻ പോകുന്നത്. ദേവസ്വം ബോർഡിന്റെയും സർക്കാറിന്റെയും അക്ഷന്തവ്യമായ ഈ അപരാധം പരിമിതികളുടെ തീർഥാടനകാലമാണ് ഭക്തർക്ക് സംഭാവന ചെയ്യാൻ പോകുന്നത്. ശബരിമലയിലേക്കുള്ള പ്രധാന പാതകളിലെ നിർമാണം വഴിപാടുപോലെയാണ് നടക്കുന്നത്. കുഴിയടച്ച് മണിക്കൂറുകൾക്കകം പൂർവസ്ഥിതിയിലേക്ക് അത് എത്തുന്ന സ്ഥിതി നിലനിൽക്കുന്നു. നിർമാണം ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്.
ഉദ്യോഗസ്ഥർ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണമെന്ന് പറഞ്ഞ് ഉത്തരവാദിത്തത്തിൽനിന്ന് തലയൂരാനാണ് സർക്കാർ ശ്രമിക്കുന്നത്. മൂന്നുവർഷത്തെ ഇടവേളക്കുശേഷം ആദ്യമായാണ് സമ്പൂർണമായ ഒരു തീർഥാടനകാലം ആരംഭിക്കാൻ പോകുന്നത്. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് മുഖ്യമന്ത്രി പമ്പയിലോ സന്നിധാനത്തോ എത്തി ക്രമീകരണം വിലയിരുത്താൻ തയാറായിട്ടില്ല എന്നുള്ളത് ലജ്ജാകരമാണ്. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന കീഴ്വഴക്കങ്ങളാണ് ഇതുമൂലം ലംഘിക്കപ്പെട്ടിരിക്കുന്നത്. തീർഥാടന പാതകളിലെയോ പി.ഡബ്ല്യു.ഡി റോഡുകളുടെയോ സൈഡിലെ കാടുകൾ തെളിക്കുന്നതിനും തെരുവുവിളക്കുകൾ തെളിക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടില്ല. സന്നിധാനം, പമ്പ, നിലക്കൽ തുടങ്ങി ഇടങ്ങളിൽ ശുദ്ധജല വിതരണത്തിന് ക്രമീകരണം പൂർത്തീകരിച്ചിട്ടില്ല. പ്രധാന ഇടത്താവളമായ നിലക്കലിലാകട്ടെ തീർഥാടകർ പ്രാഥമിക സൗകര്യത്തിന് ഉൾപ്പെടെ എല്ലാത്തിനും നട്ടം തിരിയേണ്ട അവസ്ഥയാണ്. മറ്റ് ഇടത്താവളങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. ഇടത്താവളങ്ങളിൽ ക്ഷേത്ര ഉപദേശ സമിതികൾ മുൻകൈയെടുത്ത് സൗകര്യം ഒരുക്കണമെന്ന് നിർദേശിക്കുന്ന ദേവസ്വം ബോർഡ് അതിനുള്ള ഫണ്ട് അനുവദിക്കാൻ തയാറായിട്ടില്ല.
തന്നെയുമല്ല പല ക്ഷേത്ര ഉപദേശ സമിതികളുടെയും കാലാവധികൾ പൂർത്തീകരിച്ചെങ്കിലും പേരിനുവേണ്ടി തുടരുന്ന ഉപദേശ സമിതികളാണ് നിലനിൽക്കുന്നത്. ദീർഘവീക്ഷണത്തോടുകൂടിയുള്ള ക്രമീകരണം ചെയ്യുന്നതിൽ ദേവസ്വം ബോർഡും സർക്കാറും പൂർണപരാജയമാണെന്ന് സതീഷ് കൊച്ചുപറമ്പിലും വെട്ടൂർ ജ്യോതിപ്രസാദും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

