കടമ്പനാട് ജങ്ഷനിൽ ഗതാഗത സുരക്ഷാസംവിധാനങ്ങളില്ല
text_fieldsസ്കൂളിലേക്ക് പോകാൻ കടമ്പനാട് ജങ്ഷനിൽ റോഡ്
മുറിച്ചുകടക്കുന്ന വിദ്യാർഥികൾ
അടൂർ: നിരവധി സ്കൂളുകൾ പ്രവർത്തിക്കുന്ന കടമ്പനാട് ജങ്ഷനിൽ ഗതാഗത സുരക്ഷാസംവിധാനങ്ങളില്ല. കാൽ നടയാത്രികർക്ക് റോഡ് മുറിച്ചു കടക്കാൻ സീബ്രാ ലൈൻ ഉൾപ്പടെയുള്ള ഗതാഗത സംവിധാനങ്ങൾ ഒരുക്കണമെന്നാണ് ആവശ്യം. കടമ്പനാട് ജങ്ഷൻ കഴിഞ്ഞുള്ള വളവിലാണ് രണ്ട് സ്കൂളുകളുടെ പ്രവേശന കവാടം. ട്യൂഷൻ സെൻററുകൾ പ്രവത്തിക്കുന്നതിന് മുന്നിലൂടെയുള്ള റോഡ് വന്ന് ചേരുന്നതും ഇവിടെയാണ്.
ഈ സ്കൂളുകൾക്ക് മുന്നിലൂടെയാണ് അടൂർ-ശാസ്താംകോട്ട ദേശീയ പാത കടന്നു പോകുന്നത്. അടൂർ- ശാസ്താംകോട്ട ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ സ്കൂളിന് മുന്നിലൂടെ കടന്ന് പോകുമ്പോൾ വേഗത കുറയ്ക്കണമെന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രധാന റോഡിൽ വളവുള്ള ഭാഗത്ത് നിന്നാണ് രണ്ട് സ്കൂളുകളിലേക്കും വാഹനങ്ങൾ പ്രവേശിക്കുന്നത്. വളവിന് മധ്യത്തിൽ നിന്ന് സ്കൂളുകളിലേക്ക് വാഹനങ്ങൾ തിരിയുമ്പോൾ ഇരുദിശയിൽ നിന്നും അമിത വേഗതയിൽ മറ്റ് വാഹനങ്ങൾ കടന്നുവരുന്നത് അപകടത്തിന് ഇടായാക്കുന്നതാണ്.

