നഗരപാതയിൽ പൂട്ടുകട്ട വിരിക്കൽ വൈകുന്നു: അപകടം ഏറുന്നു
text_fieldsഅടൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് പാതയരികിലെ താഴ്ചയിലേക്ക് വാഹനം ചരിഞ്ഞപ്പോൾ
അടൂർ: നഗരപാതയുടെ വശങ്ങളിൽ പൂട്ടുകട്ട വിരിക്കാൻ വൈകുന്നത് വ്യാപാരികളെയും വാഹനയാത്രക്കാരും ബുദ്ധിമുട്ടിലാക്കുന്നു. ഹോളിക്രോസ് ജങ്ഷൻ മുതൽ സെൻട്രൽ ജങ്ഷൻ വരെ പാത ടാറിങ് പൂർത്തീകരിച്ചശേഷം വശങ്ങളിൽ പൂട്ടുകട്ട വിരിക്കാൻ മണ്ണ് നീക്കിയിട്ടുണ്ട്.
ആഴ്ചകൾ കഴിഞ്ഞിട്ടും പൂട്ടുകട്ട വിരിക്കൽ നടന്നില്ല. പാതയുടെ ഇരുവശങ്ങളും താഴ്ന്നുകിടക്കുകയാണ്. പാതയരികിലേക്ക് വാഹനങ്ങൾ ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. കടകളിൽ പോകുന്നവർ ടാറിങ് ഭാഗത്തുതന്നെ വാഹനങ്ങൾ നിർത്തിയിടുകയാണ്. ഇത് നഗരത്തിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. റോഡിന്റെ വശങ്ങൾ താഴ്ന്നുകിടക്കുന്നതിനാൽ വാഹനങ്ങൾ തെന്നിമാറി പാത്തിയിൽ വീഴുന്നതും പതിവായിട്ടുണ്ട്. ഇരുചക്ര വാഹന യാത്രികരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും.
കഴിഞ്ഞദിവസം സ്വകാര്യ ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് മോഹൻ ഡ്രൈവിങ് സ്കൂളിന് മുൻവശത്ത് കാർ കുഴിയിലേക്ക് ചരിഞ്ഞ് അപകടമുണ്ടായി. ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് റോഡരികിലെ പാത്തിയിൽ പൂട്ടുകട്ട കൂട്ടിയിട്ടിരിക്കുന്നത് വെള്ളം ഒഴുക്കിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.