അടൂരിലെ കായിക പ്രേമികൾക്ക് പ്രതീക്ഷ; സ്‌റ്റേഡിയം നിർമാണത്തിന് നടപടി
text_fieldsഅടൂർ നഗരസഭ സ്റ്റേഡിയത്തിനായി പുതുവാക്കൽ ഏലായിൽ മണ്ണ് പരിശോധന നടത്തുന്നു
അടൂർ: കായിക പരിശീലനത്തിന് സ്റ്റേഡിയം ഇല്ലാത്തതിനെ തുടർന്നുള്ള പ്രതിസന്ധികൾക്ക് അടൂരിൽ പരിഹാരമാകുന്നു. കാൽനൂറ്റാണ്ടിലേറെയായി നഗരവാസികൾ കാത്തിരുന്ന കളിക്കള നിർമാണത്തിന് പ്രാരംഭനടപടി ആരംഭിച്ചു. പുതുവാക്കൽ ഏലായിൽ ഇതിനായി വാങ്ങി നികത്തിയെടുത്ത മൂന്നേക്കർ സ്ഥലത്തിലെ മണ്ണ് പരിശോധനയാണ് നടക്കുന്നത്. നഗരസഭതല കേരളോത്സവ ഭാഗമായുള്ള കായികമേളയുടെ നടത്തിപ്പിനുപോലും ഗ്രാമ പഞ്ചായത്തുകളെയാണ് നഗരസഭ ആശ്രയിക്കുന്നത്. ബജറ്റിലെ പ്രധാന മോഹനവാഗ്ദാനമായ സ്റ്റേഡിയത്തിനായുള്ള സ്ഥലം കാടുപിടിച്ച് കിടക്കുകയായിരുന്നു. മതിയായ
ഫണ്ടില്ലാത്തതായിരുന്നു നഗരസഭ നേരിട്ട പ്രതിസന്ധി. ചിറ്റയം ഗോപകുമാറിന്റെയും നഗരസഭ ഭരണസമിതിയുടെയും ശ്രമഫലമായി സർക്കാറിന്‍റെ 2017-18 സാമ്പത്തിക വർഷത്തെ ബജറ്റിൽ 10 കോടി അനുവദിച്ചെങ്കിലും നിർമാണം തുടങ്ങിയില്ല. ഇതിനൊപ്പം തുക അനുവദിച്ച കൊടുമൺ ഗ്രാമപഞ്ചായത്ത്സ്റ്റേഡിയത്തിന്‍റെ നിർമാണം പൂർത്തീകരിച്ച് തുറന്നുകൊടുത്തിരുന്നു. അടൂരിൽ സ്റ്റേഡിയത്തിനായി കിറ്റ്കോയെ നിർവഹണ ഏജൻസിയായി
ചുമതലപ്പെടുത്തിയെങ്കിലും നിലവിലെ സ്ഥലം അപര്യാപ്തമായി വന്നു. ഇതിനെ തുടർന്ന് സ്റ്റേഡിയത്തിന് സമീപത്തെ സ്ഥലം ഉടമകളിൽനിന്നായി 50 സെന്റ് സ്ഥലത്തിന്റെ സമ്മതപത്രം വാങ്ങി. കൗൺസിലിന്‍റെ അംഗീകാരം കൂടി നേടിയെടുത്തതോടെ കടമ്പകൾ കടന്നു. 100 മീറ്റർ നീളവും 80 മീറ്റർ വീതിയുമുള്ള സ്റ്റേഡിയത്തിൽ നാലുവരി സിന്തറ്റിക് ട്രാക്, ഉന്നതനിലവാരത്തിൽ ഫുട്ബാൾ കോർട്ട്, ഡ്രസിങ് റൂമുകൾ, ശൗചാലയങ്ങൾ, ജീവനക്കാർക്ക് താമസസൗകര്യം എന്നിവയാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

