പുലിപ്പാറ മലയുടെ കാവലാളായ ഗ്രേസി ബേബിക്ക് നാട്ടുകാർ വിട നൽകി
text_fieldsഗ്രേസി ബേബി പാറമടക്കെതിരെ സമരത്തിൽ (ഫയൽ ചിത്രം)
അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ചായാലോട് പുലിപ്പാറ മലക്ക് ചുറ്റും പ്രദേശവാസികൾ കാവൽ ഏർപ്പെടുത്തി അഞ്ചുവർഷമാകുമ്പോൾ ജനകീയ സമരത്തിൽ പങ്കെടുത്ത ചായലോട് കിളിനിലത്ത് വീട്ടിൽ ഗ്രേസി ബേബിക്ക് (76) വിട. ഗ്രേസി ബേബിയുടെ മൃതദേഹം സമരപ്പന്തലിൽ എത്തിച്ച് ജനകീയ സമരസമിതി പ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ചു. സമരസമിതി അംഗമായ രണ്ടാമത്തെ വ്യക്തിയാണ് ഇപ്പോൾ മരിക്കുന്നത്.
ഓരോ ദിവസവും ഇവിടുത്തെ രണ്ടും മൂന്നും വീട്ടുകാർ കുട്ടികൾ സഹിതം രാവും പകലും പുലിപ്പാറ മലയിലേക്കുള്ള വഴിക്ക് ചുറ്റും കാവലായി നിൽക്കും. ഇവർ ഇത്തരത്തിൽ ഒരു പാറക്ക് സംരക്ഷണം ഏർപ്പെടുത്തിയതിന് പിന്നിൽ വലിയ സഹന സമരത്തിന്റെ കഥയുണ്ട്. 300ലധികം പ്രദേശവാസികളായ സ്ത്രീകൾ അടക്കമുള്ളവരാണ് ഈ കാവൽക്കാർ. സ്വസ്ഥമായി ജീവിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി നടത്തുന്ന സമരത്തെ അവഗണിക്കുന്ന അധികൃതർക്ക് മുന്നിൽ ഒരു പ്രതിഷേധം കൂടിയായിരുന്നു ഗ്രേസി ബേബിയുടെ മൃതദേഹം സമരപ്പന്തലിലെ എത്തിച്ചതിന്റെ പിന്നിൽ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. തങ്ങളുടെ ഈ ഗ്രാമത്തിന്റെ സ്വസ്ഥത നശിപ്പിക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
നൂറിലധികം കുടുംബങ്ങളും നൂറിലധികം കുട്ടികളും പഠിക്കുന്ന സ്കൂളും ആരാധനാലയവും മൗണ്ട് സിയോൺ മെഡിക്കൽ കോളജും എല്ലാം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. അതിനാൽ ഇവിടെ ക്വാറി ആരംഭിച്ചാൽ ഇവയുടെ എല്ലാം നിലനിൽപ്പിന് തന്നെ അത് ഭീഷണിയാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ''തനിക്കല്ല വരും തലമുറക്ക് ഇവിടെ ജീവിക്കാൻ വേണ്ടിയാണ് താൻ ഈ സമരത്തിൽ പങ്കെടുക്കുന്നത്'' എന്ന് ഗ്രേസി ബേബി പറഞ്ഞിട്ടുണ്ട്.
മയിലുകളുടെ ആവാസ കേന്ദ്രം കൂടിയായ ഇവിടെ പാറ പൊട്ടിക്കൽ ആരംഭിച്ചാൽ പക്ഷിമൃഗാദികളുടെ ജീവനും പ്രകൃതിയുടെ ഹരിതഭംഗിക്കും മനുഷ്യജീവനും ഭീഷണിയായി തീരുമെന്ന് പ്രദേശവാസികൾ പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

