സര്‍ക്കാര്‍ കനിഞ്ഞിട്ടും ഉറ്റവര്‍ കൈവിട്ടു; ഗോപിനാഥപിള്ള മഹാത്മയില്‍ അഭയം തേടി
text_fieldsഗോപിനാഥപിള്ള
അടൂര്‍: വിദേശത്തുനിന്ന് സർക്കാർ നാട്ടിലെത്തിച്ച വയോധികൻ ഉറ്റവർ കൈവിട്ടതിനെത്തുടർന്ന് അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം അഗതിമന്ദിരത്തില്‍ അഭയം തേടി. രേഖകളും അംഗീകാരവും നഷ്ടമായി കുവൈത്തിൽ കുടുങ്ങിയ അടൂര്‍ മേലൂട് സ്വദേശി ഗോപിനാഥന്‍പിള്ളയെ (68)കുവൈത്ത് സര്‍ക്കാര്‍ ഡി-പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് വന്ദേഭാരത് മിഷന് വഴിയാണ് നാട്ടിലെത്തിച്ചത്.
കുവൈത്തിലെ സദാത്തില്‍ 40 വര്‍ഷമായി ഡ്രൈവര്‍ ജോലി ചെയ്തിരുന്നയാളാണ് ഗോപിനാഥന്‍പിള്ള. നാട്ടില്‍ ഭാര്യയും രണ്ട് മക്കളും ഉണ്ട്. എട്ടുവര്‍ഷം മുമ്പാണ് നാട്ടില്‍ അവസാനമായി വന്നുപോയത്. ഹെര്‍ണിയക്കും മറ്റുമായി രണ്ടുതവണ സര്‍ജറിക്ക് വിധേയനായിരുന്നു. ചികിത്സ കഴിഞ്ഞ് വിദേശത്ത് എത്തിയ ഇദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടതോടെ ജോലി നഷ്ടമായി. തുടര്‍ന്ന് താൽക്കാലിക ജോലിയില്‍ പ്രവേശിച്ചെങ്കിലും വാഹനാപകടം ഉണ്ടായതോടെ ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ടു.
ഇലക്ട്രിസിറ്റി വിഭാഗത്തിനും വാഹന ഉടമക്കും പിഴ അടയ്ക്കേണ്ടി വന്നതോടെ പ്രതിസന്ധിയിലുമായി. വീട്ടിലേക്ക് പണമയയ്ക്കാതായതോടെ ബന്ധം വഷളായി ഭാര്യയും മക്കളും ഫോണ്വിളിപോലുമില്ലാതായതായും ഇദ്ദേഹം പറയുന്നു.
വിസ കാലാവധി കഴിഞ്ഞ് പുതുക്കാന്‍ സാമ്പത്തികമില്ലാതെ കുടുങ്ങി. നാട്ടിലേക്ക് മടങ്ങാനായില്ല. പലരുടെയും സഹായത്തോടെ ആഹാരവും താമസവും എന്ന അവസ്ഥയില്‍ ഏറെനാള്‍ ഒളിവില്‍ കഴിഞ്ഞു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലും ജയിലിലുമായ ഇദ്ദേഹത്തെ കുവൈത്ത് സര്‍ക്കാര്‍ നാടുകടത്തുകയായിരുന്നു.
നാട്ടിലെത്തിയപ്പോൾ മക്കളും ഭാര്യയും ചേര്‍ന്ന് തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയും താന്‍ ജോലി ചെയ്ത് നിര്‍മിച്ച വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്തത് ഏറെ വേദനാജനകമായെന്നും ഇയാള്‍ പറയുന്നു. പ്രശ്നപരിഹാരത്തിനെത്തിയ അടൂര്‍ പൊലീസ് ഗോപിനാഥപിള്ളയുടെ അവസ്ഥ പരിഗണിച്ച് താൽക്കാലിക സംരക്ഷണത്തിന് മഹാത്മ ജനസേവനകേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

