ചെട്ടിയാരഴകത്ത് പാലം തുറന്നു: ഇനി വേണ്ടത് ബസ് സര്‍വിസ്
text_fieldsചെട്ടിയാരഴകത്ത് പാലം
അടൂര്‍: കഴിഞ്ഞ ബുധനാഴ്ചയാണ് കുളക്കടയെയും മണ്ണടിയെയും ബന്ധിപ്പിക്കുന്ന ചെട്ടിയാരഴകത്ത് പാലം തുറന്നത്. പാലം ലഭിച്ചതിന്റെ ആവേശത്തിലാണ് നാട്ടുകാര്‍. ഇരുകരയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ച് വേലുത്തമ്പി മെമ്മോറിയല്‍ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബിന്റെ മാണിക്കന് എന്ന കൊട്ടുകാളയെ പലത്തിലൂടെ കുളക്കടയിലെത്തിച്ചു. അടുത്ത ബുധനാഴ്ച ആരംഭിക്കുന്ന മണ്ണടി ഉത്സവത്തിന് കുളക്കടക്കാര് പാലത്തിലൂടെ മണ്ണടിയിലേക്ക് ആഘോഷമായി എത്തും.
ചങ്ങാടവും കടത്തുവള്ളവുമായിരുന്നു ഇരു കരക്കാരെയും ഇത്രകാലവും ഒന്നിപ്പിച്ചിരുന്നത്. മണ്ണടിയിലെ ഉത്സവവും ഉച്ചബലിയും ഐതിഹ്യ പ്രസിദ്ധമാണ്. പക്ഷേ, ആറിന്റെ മറുകരയില്‍ ഉള്ളവര്‍ക്ക് കടത്തുവള്ളമായിരുന്നു ഉത്സവം കാണാനുള്ള യാത്രാമാര്‍ഗം. ആറിന് അക്കരെയെത്താന്‍ കടവില്‍ മണിക്കൂറുകളോളം കാത്തുനിന്ന അനുഭവം കുളക്കടക്കാര്ക്കുണ്ട്. വള്ളം കിട്ടാതെ നിരാശരായി മടങ്ങിപ്പോയവരും ഏറെ. മണല്‍ വാരി ആറിന്റെ ആഴം കൂടുകയും ചുഴികള്‍ ഉണ്ടാവുകയും ചെയ്തപ്പോള്‍ നീന്തലറിയാവുന്നവരും യാത്ര ഉപേക്ഷിച്ചു.
ചെട്ടിയാരഴികത്ത് പാലം എന്ന ആവശ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1951ല്‍ ഇ. കൃഷ്ണന്‍നായര്‍ കൊട്ടാരക്കര എം.എല്‍.എയായിരുന്ന കാലത്ത് കുളക്കടയെയും മണ്ണടിയെയും ബന്ധിപ്പിച്ച് ചങ്ങാട സര്‍വിസ് ആരംഭിച്ചു. മണ്ണടി അപ്പനഴികത്ത് നീലകണ്ഠപ്പിള്ള കടമ്പനാട് പഞ്ചായത്തംഗം ആയിരുന്നപ്പോള്‍ പാലം എന്ന ആവശ്യം മുന്നോട്ടുവെച്ചു. 1991ല്‍ മണ്ണടി പുഷ്പാകരന്‍ കടമ്പനാട് പഞ്ചായത്തംഗം ആയിരുന്നപ്പോള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ ആദ്യമായി ചെട്ടിയാരഴികത്ത് പാലം വേണമെന്ന ആവശ്യം പ്രമേയമായി പാസാക്കി.
മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ നേരില്‍കണ്ട് ആവശ്യകത ബോധ്യപ്പെടുത്തി. അദ്ദേഹം അനുകൂലമായി നോട്ടെഴുതി പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.ജെ. ജോസഫിന് നല്കി. തുടര്‍ നടപടികള്‍ വീണ്ടും മുടങ്ങി. 2019ല്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് പാലം പണിക്ക് തുക അനുവദിച്ചത്. അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറും കൊട്ടാരക്കര എം.എല്‍.എ ഐഷ പോറ്റിയും പരിശ്രമിച്ച് പണി മുന്നോട്ടുകൊണ്ടുപോയി. കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്.
ഇനി നാട്ടുകാര്‍ക്ക് വേണ്ടത് ബസ് സര്വലിസാണ്. പത്തനംതിട്ട, കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. പത്തനംതിട്ടയില്‍നിന്ന് അടൂര്‍, ചൂരക്കോട്, മണ്ണടി, ചെട്ടിയാരഴികത്ത് പാലം, കുളക്കട, മാവടി, പവിത്രേശ്വരം, ചീരങ്കാവ്, എഴുകോണ്‍, കുണ്ടറ വഴി കൊല്ലത്തേക്ക് ബസ് സര്‍വിസ് വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

